(പുരാണ കഥകൾ)
ഒരിക്കല്‍ രുക്മിണി ദേവി ശ്രീകൃഷ്ണ ഭഗവാനോട് പരിഭവത്തില്‍ ചോദിച്ചു.
"ഭഗവാനെ! അങ്ങ് എന്നേക്കാള്‍ രാധയെ എന്തുകൊണ്ടാണ് സ്നേഹിക്കുന്നത്? രാധ എന്നേക്കാള്‍ സുന്ദരി ആണോ?"
ഭഗവന്‍ മറുപടി ഒന്നും പറയാതെ പുഞ്ചിരിച്ചു. സ്ത്രീസഹജമായ വാസനയോടെ വീണ്ടും ദേവി ഭഗവാനോട് ചോദ്യം ആവര്‍ത്തിച്ചപ്പൊഴും പുഞ്ചിരി മാത്രമായിരുന്നു മറുപടി.
അപ്പോൾ ദേവി പറഞ്ഞു.
"ശരി ദേവാ! എങ്കില്‍ അങ്ങ് മറുപടി പറയണ്ട. രാധയുടെ ഒരു ചിത്രം വരച്ചു കാണിക്കൂ. അത് കണ്ടാൽ മതി എനിക്ക്."
രുക്മിണി ദേവിയുടെ ഇഷ്ടത്തിന് വഴങ്ങി കൃഷ്ണൻ രാധയുടെ ചിത്രം വരയ്ക്കാന്‍ തുടങ്ങി. ആദ്യം കണ്ണ് വരച്ചു. അത് കണ്ടപ്പോൾ ദേവിക്ക് വല്ലാത്ത ആകർഷണം. ഉള്ളിൽ പ്രണയം നിറയുന്നു. പിന്നീട് ചുണ്ടുകൾ വരച്ചു. എന്തൊരശ്ചാര്യം! ദേവി ആ ചുണ്ടുകളിലെ അമൃതം പാനം ചെയ്യാൻ കൊതിച്ചു. അങ്ങിനെ മുഖം വരച്ചു പൂര്‍ത്തിയായപ്പോഴാണ് മനസ്സിലായത് കണ്ണൻ വരക്കുന്നത് സ്വന്തം ചിത്രമാണെന്ന്. രുക്മിണിദേവി ചോദിച്ചു.
"ഇതെന്താണ് ഭാഗവാനെ? അങ്ങയുടെ ചിത്രം വരക്കാനല്ലല്ലോ അവിടുത്തെ പ്രിയ സഖി രാധയുടെ ചിത്രം
വരയ്ക്കാന്‍ അല്ലെ പറഞ്ഞത്." രുക്മിണി ദേവി പരിഭവിച്ചതു കണ്ടു ഭഗവന്‍ പറഞ്ഞു.
"ദേവി എന്നോട് രാധയുടെ ചിത്രം വരയ്ക്കാന്‍ പറഞ്ഞു. ഞാന്‍ രാധയുടെ ചിത്രം തന്നെയാണ് വരച്ചത്. ഞാന്‍ രാധയുടെ മനസ്സിൽ നോക്കിയാണ് ചിത്രം വരച്ചത്. അവിടെ എനിക്ക് എന്നെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ .മാത്രമല്ല ഞങ്ങൾ ഒരിക്കലും രണ്ടല്ല. ഒന്ന് തന്നെയാണ്. എന്റെ പ്രേമസ്വരൂപമാണ് രാധ. ആ രാധയെ, ദേവി എപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു. എന്നീട്ടും രാധയെപ്പറ്റി ചോദിച്ചത് കൊണ്ടാണ് മറുപടി പറയാതിരുന്നത്. കൃഷ്ണൻ വീണ്ടും പുഞ്ചിചിരിച്ചു.
മന്ദം ജഹാസ വൈകുണ്ഠാ
മോഹയന്നിവ മായയാ
സർവ്വ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന കൃഷ്ണപ്രേമമാണ് രാധ എന്ന പരമാർത്ഥ സത്യം ആ പുഞ്ചിരിയിലൂടെ കണ്ണൻ രുക്മിണിദേവിയിൽ നിന്നും ഒളിപ്പിച്ചോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ