തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം വിശ്വപ്രസിദ്ധമാണ്. ശ്രീരാമനും ലക്ഷ്മണനുമാണ് ഈ ക്ഷേത്രത്തിലെ മൂര്‍ത്തികള്‍. സമുദ്രനിരപ്പില്‍ നിന്ന്‍ 100-അടി ഉയരത്തില്‍ ഒരു കുന്നിന്മുകളില്‍ സ്ഥിതിചെയ്യുന്ന വില്വാദ്രിനാഥക്ഷേത്രത്തിന്‍റെ മൂന്നു കിലോമീറ്റര്‍ മാത്രം വടക്കുമാറി ഭാരതപ്പുഴ ഒഴുകുന്നുമുണ്ട്.
ക്ഷത്രിയരുടെ 21-പരമ്പരകളെ കൊന്നുടുക്കിയ ശേഷം തന്‍റെ പ്രതികാരാഗ്നി ശമിച്ച പരശുരാമ മഹര്‍ഷി പശ്ചാത്താപവിവശനായി തന്‍റെ സ്വത്തുക്കള്‍ മുഴുവന്‍ ബ്രാഹ്മണര്‍ക്ക് ദാനംചെയ്ത ശേഷം ഭാരതവര്‍ഷത്തിന് തെക്കോട്ട് യാത്രയായി. തുടര്‍ന്ന്‍ ഗോകര്‍ണ്ണത്തെത്തിയ അദ്ദേഹം തന്‍റെ ആയുധമായ മഴു വീശിയെറിഞ്ഞ് തെക്ക് കന്യാകുമാരി വരെ നീണ്ടുകിടന്ന സമുദ്രത്തെ വഴിമാറ്റി കേരവൃക്ഷനിബിഡമായ കേരളക്കരയെ സൃഷ്ടിച്ചു. കേരളക്കരയും ബ്രാഹ്മണര്‍ക്ക് ദാനംചെയ്ത ശേഷം അദ്ദേഹം മഹാധ്യാനത്തില്‍ നിമഗ്നനായി.
ധ്യാനനിരതനായ പരശുരാമനെ
താന്‍ വധിച്ച ക്ഷത്രിയരുടെ ഗതികിട്ടാപ്രേതങ്ങള്‍ ശല്യപ്പെടുത്താന്‍ തുടങ്ങി. മോക്ഷം നല്‍കണമെന്നതായിരുന്നു ഈ ആത്മാക്കളുടെ ആവശ്യം. മോക്ഷം നല്‍കിയില്ലെങ്കില്‍ ജനങ്ങളെ ഉപദ്രവിക്കുമെന്നും അവര്‍ ഭീഷണിമുഴക്കി. ഇതോടെ, പരശുരാമന്‍ പ്രശ്നപരിഹാരത്തിനായി വിഷ്ണുഭഗവാനെ പ്രാര്‍ഥിക്കാന്‍ തുടങ്ങി. പരശുരാമന് ദിവ്യദര്‍ശനം നല്‍കിയ ഭഗവാന്‍ വിഷ്ണു വില്വാദ്രിയില്‍ ഭഗവാന്‍ ശിവന്‍ പരിവാരസമേതനായി തന്‍റെ ഭൂതഗണങ്ങളോടൊപ്പം എത്തിയിട്ടുണ്ടെന്നും, അവിടെയെത്താനും ആഹ്വാനം ചെയ്തു. ഉടന്‍തന്നെ വില്വാദ്രിയിലെത്തിയ പരശുരാമന് ഭഗവാന്‍ ശിവന്‍ താന്‍ ആരാധനയ്ക്കുപയോഗിച്ചിരുന്ന വിഷ്ണുവിഗ്രഹം സമ്മാനിച്ചു. വില്വാദ്രിയില്‍ത്തന്നെ സവിശേഷമായ ഒരുസ്ഥാനം കണ്ടെത്തി, ഗതികിട്ടാതെ അലയുന്ന ആത്മാക്കള്‍ക്കും ദര്‍ശനം ലഭിക്കത്തക്ക വിധത്തില്‍ പരശുരാമന്‍ ആ വിഗ്രഹത്തെ പ്രതിഷ്ഠിച്ചു.
ഇതേസമയം തന്നെ കശ്യപപുത്രനായ അമാലക മഹര്‍ഷി ലോകക്ഷേമത്തിനായി വിഷ്ണുഭഗവാനെ മനസ്സില്‍ നിനച്ച് ഒരു മഹാധ്യാനം വില്വാദ്രിമലയുടെ മറ്റൊരു ഭാഗത്തായി അനുഷ്ഠിക്കുന്നുണ്ടായിരുന്നു. തന്‍റെ സ്ഥാനം മോഹിച്ചാണ് അമാലകന്‍റെ ധ്യാനമെന്ന തെറ്റിദ്ധാരണയില്‍ ഇന്ദ്രന്‍ പലപ്പോഴായി സൃഷ്ടിച്ച തടസങ്ങളെ അദ്ദേഹം ഏകാഗ്രതയുടെ മഹാശിഖിരത്തിലേറി അതിജീവിച്ചു. ദേവേന്ദ്രപ്പട്ടം മോഹിച്ചല്ല അമാലകന്‍റെ തപസ്സെന്ന കശ്യപന്‍റെ ഉറപ്പോടെ ഇന്ദ്രന്‍റെ ശല്യം തീര്‍ന്നെങ്കിലും അസുരന്മാര്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ആരംഭിച്ചു. അസുരന്മാരുടെ ശല്യം അതിരുവിട്ട ഘട്ടത്തിലെത്തിയപ്പോള്‍ അമാലകന്‍ കണ്ണുതുറന്ന്‍ അവരെ നോക്കി. അപ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ നിന്ന്‍ വര്‍ഷിച്ച കോപാഗ്നിയില്‍ അസുരന്മാര്‍ വെന്തുവെണ്ണീറായിപ്പോവുകയും, അവിടെ ഒരു പാറ ഉരുത്തിരിയുകയും ചെയ്തു. ഇതാണ് രാക്ഷസപ്പാറ. ധ്യാനം തുടര്‍ന്ന അമാലകന്‍റെ മുന്‍പില്‍ ഭഗവാന്‍ വിഷ്ണു പ്രത്യക്ഷപ്പെടുകയും ലോകക്ഷേമത്തിനായി തന്‍റെ സാന്നിദ്ധ്യം വില്വാദ്രിയില്‍ എല്ലാക്കാലത്തും ഉണ്ടായിരിക്കുമെന്ന് അനുഗ്രഹം നല്‍കുകയും ചെയ്തു. തുടര്‍ന്ന്‍ ഭഗവാന്‍ ഒരു സ്വയംഭൂ വിഗ്രഹമായി മാറി. അങ്ങനെ ഈ രണ്ടു വിഗ്രഹങ്ങളും വില്വാദ്രിയില്‍ കുടികൊണ്ടു.
തുടര്‍ന്നും അസുരന്മാരുടെ ഉപദ്രവം പലപ്പോഴായി ഉണ്ടായെങ്കിലും ഭഗവദ് അനുഗ്രഹത്തോടെ വില്വാദ്രിക്ഷേത്രം അവയെല്ലാം അതിജീവിച്ചു. പലപ്പോഴും ഭഗവാന്‍ വിഷ്ണു തന്‍റെ ഭീഭത്സമായ രൂപം കൈക്കൊണ്ടുവന്നാണ് പല അസുരന്മാരേയും കാലപുരിക്കയച്ചത്. അസുരശല്യം ശമിപ്പിക്കാനായി വില്വാദ്രിയിലെ വിഗ്രഹത്തില്‍ ശിവന്‍ തന്‍റെ ചൈതന്യത്തേയും സംയോജിപ്പിച്ചു. അങ്ങനെയാണ് ശങ്കരനാരായണ സങ്കല്‍പ്പം രൂപപ്പെട്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ