2017, ജനുവരി 3, ചൊവ്വാഴ്ച

ക്ഷേത്രങ്ങള്‍ ഈശ്വരചൈതന്യത്തിന്റെ ഉറവിടങ്ങള്‍/Kshetrangal Eeswara Chaithanyathinte Uravidangal/Hindu Acharangal Viswangal


ലോകാനുഗ്രഹഹേത്വര്‍ത്ഥം’ സ്ഥിരമായി നിലകൊള്ളുന്നതും ഈശ്വരചൈതന്യം നിറഞ്ഞുനില്‍ക്കുന്നതുമായ സഗുണോപാസനാകേന്ദ്രങ്ങളാണ്‌ ക്ഷേത്രങ്ങള്‍. ആത്യന്തികമായി ഈശ്വരന്‍ നിര്‍ഗുണനും നിരാകാരനുമാണ്‌. അങ്ങനെയുള്ള ഈശ്വരനെ മനസ്സില്‍ സങ്കല്‍പ്പിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നത്‌ ക്ലേശകരമാണ്‌. രൂപഭാവങ്ങളില്ലാത്ത ഒന്നിനെ സങ്കല്‍പ്പിക്കുക നമുക്ക്‌ സാധ്യമല്ലല്ലോ. അങ്ങനെയാണ്‌ ഈശ്വരന്‌
വിവിധ രൂപഭാവങ്ങള്‍ ഋഷീശ്വരന്‍മാര്‍ കല്‍പ്പിച്ചത്‌. സഗുണസാകാരരൂപത്തില്‍ അനേകം ദേവതാസങ്കല്‍പ്പങ്ങളുണ്ടായതും ആ ദേവതകളെ കുടിയിരുത്തിയുള്ള ക്ഷേത്രങ്ങള്‍ ഉണ്ടായതും ഈ പശ്ചാത്തലത്തിലാണ്‌. പരംവ്യൂഹംവിഭവംഅര്‍ച്ചഅന്തര്യാമി എന്നീ അഞ്ചുരൂപങ്ങളില്‍ ഈശ്വരന്‍ പ്രകാശിക്കുന്നുണ്ടെന്നാണ്‌ ഭാരതീയ സിദ്ധാന്തം. അതില്‍ അര്‍ച്ച ഒഴിച്ചുള്ള ഈശ്വരഭാവങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ സാധാരണക്കാര്‍ക്ക്‌ ബുദ്ധിമുട്ടാണ്‌.


നിഷ്കാമമായി അനുഷ്ഠിക്കേണ്ട കര്‍മയോഗവും യമനിയമാദികള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുള്ള ജ്ഞാനയോഗവും മോക്ഷപ്രദങ്ങളെങ്കിലും അതീവസങ്കീര്‍ണവും അതുകൊണ്ടുതന്നെ സാമാന്യ ജനങ്ങള്‍ക്ക്‌ അവ അസാധ്യവുമാണ്‌. അതിനുപകരമാണ്‌ അര്‍ച്ചാരൂപത്തില്‍, അതായത്‌ വിഗ്രഹരൂപത്തില്‍, ഈശ്വരനെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ക്ഷേത്രങ്ങള്‍ നിലവില്‍ വന്നതും സാധാരണക്കാര്‍ക്കും സുഗമമായി ആരാധന നടത്തി ഈശ്വരനെ സാക്ഷാത്കരിക്കുവാന്‍ കഴിയുന്ന ഒരു പ്രായോഗിക ആരാധനാ പദ്ധതി പ്രചരിച്ചതും. വിഷ്ണുശിവന്‍, ശങ്കരനാരായണന്‍, ദുര്‍ഗഗണപതിശാസ്താവ്‌ എന്നിങ്ങനെ വിഭിന്ന രൂപങ്ങളോടുകൂടിയ പരംപുരുഷന്റെ പൂജയെ പറയുന്നു എന്നാണ്‌ തന്ത്രസമുച്ചയത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്‌. സര്‍വവ്യാപിയായ വായുവിനെ വിശറികൊണ്ട്‌ വീശുമ്പോള്‍ എന്നപോലെയും അരണിയില്‍ അന്തര്‍ലീനമായ അഗ്നിയെ കടയുമ്പോള്‍ എന്നപോലെയും ഈശ്വരചൈതന്യത്തെ ആവാഹിച്ച്‌ ഭക്താനുഗ്രഹാര്‍ത്ഥം വിഗ്രഹങ്ങളില്‍ സാന്നിധ്യപ്പെടുത്തകയാണ്‌ ചെയ്യുന്നത്‌. അസംഖ്യം ദേവതാസങ്കല്‍പ്പങ്ങളുണ്ടെങ്കിലും ആത്യന്തികമായി എല്ലാറ്റിന്റെയും മൂലചൈതന്യം ഒന്നുതന്നെ എന്ന്‌ മനസ്സിലാക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ