2017, ജനുവരി 4, ബുധനാഴ്‌ച

കുഞ്ഞുങ്ങളുടെ വിദ്യാരംഭം ശ്രീനാരായണഗുരുദേവന്റെ ദൃഷ്ടിയിൽ/Vidyarambam Sree Narayanaguruvinte Drishtiyil


കുഞ്ഞുങ്ങളുടെ വിദ്യാരംഭം  പല പത്രമാധ്യമസ്ഥാപനങ്ങളും ഏറ്റെടുത്ത് അവരുടെ കച്ചവടം വര്‍ദ്ധിപ്പിക്കുതിനുള്ള ഒരു ആഘോഷം ആക്കി മാറ്റിയിരിക്കുന്നു.

മാത്രമല്ല പ്രശസ്തിയും ഗ്ലാമറും ഉള്ളവരാണ് കുട്ടികളെ എഴുത്തിനിരുത്തേണ്ടത് എന്ന് പൊതുവേ സമൂഹം തെറ്റിദ്ധരിച്ചിരിക്കുന്നു.
ഇനി മറ്റുചിലര്‍ കുട്ടികളുടെ എഴുത്തിനിരുത്ത് നടത്തുന്നത് തുഞ്ചത്തെഴുത്തച്ഛന്റെ പറമ്പില്‍( ഉത്തരകേരളത്തില്‍) പോയി സാഹിത്യകാരന്മാരെകൊണ്ടാണ്.
ഇനി ഈ വിഷയത്തില്‍ ശ്രീനാരായണ ഗുരുദേവന്‍ എന്താണ് പറഞ്ഞിരിക്കുതെന്ന് അറിയാന്‍ നമുക്കാകാംക്ഷയുണ്ടാകുമല്ലോ. ശ്രീനാരായണ ധര്‍മ്മം എന്ന കൃതിയുടെ 117,118 എന്നീ രണ്ടുപദ്യങ്ങളില്‍ ഗുരുദേവന്‍ ഇങ്ങനെ കല്‍പ്പിച്ചിരിക്കുന്നു.

പദ്യം.1
"ഏവം പ്രവര്‍ദ്ധമാനസ്യ
വിദ്യാരംഭം ശുഭോത്തരം
പൂര്‍വ്വന്തു പഞ്ചമാദബ്ദാത്
 കാരയേദാത്മവേദിഭി: "
                    (ശ്രീനാരായണ ധര്‍മ്മം117)

അര്‍ത്ഥം:
ഇപ്രകാരം വളര്‍ന്ന് വരുന്ന ശിശുവിന് അദ്ധ്യാത്മ മാര്‍ഗ്ഗ ജീവിതത്തെ കൈക്കൊണ്ടിരിക്കുന്നവരേക്കൊണ്ട് ( ആത്മജ്ഞാന മാർഗത്തിൽ, ആദ്ധ്യാത്മ മാര്‍ഗത്തില്‍, ജീവിതം
നയിക്കുന്നവരേക്കൊണ്ട് ) അഞ്ചാം വയസ്സില്‍ തന്നെ എഴുത്തിനിരുത്തണം.

പദ്യം 2,
"വിദുഷാ ഭക്തിയുക്തേന
കരുണാമൃദുചേതസാ
വൃത്താചാരവതാ
കാര്യമക്ഷരാരംഭണം ശിശോ:"
                   (ശ്രീനാരായണ ധര്‍മ്മം118)

അർത്ഥം:
"സാത്വികമായ ആചാരാനുഷ്ടാനങ്ങളുള്ളവനും കരുണയാല്‍ മൃദുവായ മനസ്സോടുകൂടിയവനും ( അനുകമ്പയുള്ളവന്‍) ഭക്തിയുള്ളവനും ആയ വിദ്വാനാല്‍ കുഞ്ഞിന്റെ വിദ്യാരംഭം നടത്തണം."

കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തുന്നവര്‍ക്ക് ഗുരുദേവന്‍ നിശ്ചയിച്ചിരിക്കുന്ന യോഗ്യതകള്‍
എന്തെല്ലാം ആണെന്ന് വിശദമായി നമ്മുക്ക് മനസ്സിലാക്കാം.

1, ആത്മവേദി
എഴുത്തിനിരുത്തുമ്പോള്‍ മാതാപിതാക്കള്‍ ഒരു കാര്യം ഓര്‍ക്കണം. ഈ ചടങ്ങ് വളരെ പവിത്രമായ ഓന്നാണ്. ഇത് പത്രമാധ്യമങ്ങള്‍ ആരംഭിച്ചതല്ല. ഋഷിമാര്‍ ആരംഭിച്ചതാണ്. ഒരു കുട്ടിയെ എഴുത്തിനിരുത്തുന്നയാളുടെ, വിദ്യാരംഭം നടത്തുന്ന വ്യക്തിയുടെ ജീവിത സംസ്‌കാരം, വാസന കുട്ടിയിലേക്കും പകരാവുന്നതാണെന്ന് ഋഷീശ്വര സംസ്‌കാരം നമ്മെ പഠിപ്പിച്ചിരിക്കുന്നു.  അതിനാല്‍ തന്നെ കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത് പുണ്യസ്ഥലത്ത്, അദ്ധ്യാത്മിക കേന്ദ്രങ്ങളില്‍ വച്ച് പുണ്യാത്മാക്കളെ കൊണ്ടായിരിക്കണം. ഗുരുദേവന്‍ അതുകൊണ്ടാണ് എഴുത്തിനിരുത്തുന്ന വ്യക്തിയ്ക്ക് ചില യോഗ്യതകള്‍ ഉണ്ടാകണം എന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഗുരുദേവന്‍ നിര്‍ദ്ദേശിച്ച യോഗ്യതകളെ നമുക്ക് വിചാരം ചെയ്യാം.
ആത്മജ്ഞാന സിദ്ധി നേടിയതോ, ആത്മജ്ഞാനസിദ്ധിക്കായുള്ള സാധനാ ജീവിതം നയിക്കുന്നതോ ആയ വ്യക്തിയാകണം അതായത് ആത്മസാധകന്‍ അകണം. കുട്ടികളില്‍ വിശുദ്ധമായ ഒരു ജീവിത സംസ്‌കാരം പകരാനും വളരാനും വേണ്ടിയാണിത്.

2, വൃത്താചാരവതാ
കുട്ടികളുടെ എഴുത്തിനിരുത്തുന്നയാളുടെ ജീവിത ശൈലിയും വളരെ പ്രധാനമാണ്. തലേദിവസം വരെ മദ്യവും മാംസവും സേവിച്ച് ഉറങ്ങിയെഴുനേറ്റുവരുന്ന ഒരു സാഹിത്യകാരനല്ല, ഒരു സിനിമാനടനല്ല, രാഷ്ട്രീയ നേതാവല്ല, എതെങ്കിലും വേഖലയിലെ പ്രശസ്തനായ വ്യക്തിയല്ല കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത്. മറിച്ച് സാത്വികമായ വിശുദ്ധമായ ആചാരാനുഷ്ടാനങ്ങളോടെ ഒരു സാധനാജീവിതം നയിക്കുന്ന വ്യക്തി തന്നെയാകണം കുട്ടികളുടെ വിദ്യാരംഭം നടത്തേണ്ടത്.

3, ഭക്തിയുക്തേന

ഈശ്വരവിശ്വാസിയായിരിക്കണം എന്നതിനുപരിയായി ഭഗവാനോടുള്ള ഭക്തിയില്‍ അടിയുറച്ച് ജീവിക്കുന്ന സ്ഥിരഭക്തനായ ( സീസണല്‍ ഭക്തിയല്ല) പരമഭക്തനായ ഒരാളാകണം. സാഹിത്യരാഷ്ട്രീയ സാംസ്‌കാരിക നായകന്മാരെയല്ല പരമഭക്തന്മാരെയാണ് ഗുരുദേവന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

4, കരുണാ മൃദു ചേതസാ


കാരുണ്യം കൊണ്ട് അനുകമ്പകൊണ്ട് മൃദുവായ മനസ്സോടുകൂടിയ വ്യക്തിയായിരിക്കണം. മത്സ്യ മാംസാദികളും കഴിച്ച് സകലരേയും  ഹിംസിക്കുന്നവരല്ല ഇതിന് യോഗ്യരായവര്‍ അഹിംസാ നിഷ്ഠരും അനുകമ്പാ മൂര്‍ത്തികളും ആകണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ