2017, ജനുവരി 3, ചൊവ്വാഴ്ച

അദ്ധ്യാത്മരാമായണം പഠിപ്പിക്കുന്ന സാംസ്കാരിക മൂല്യങ്ങള്‍/Adhyathmaramayanam Padippikkunna Samskarika Moolyangal

നാളെ എന്താണ് നടക്കാനിരിക്കുന്നതെന്ന് അറിയാത്ത ഒരു അനിശ്ചിതാവസ്ഥയാണ് ജീവിതം. അതുതന്നെയാണ് ജീവിതത്തിന്‍റെ മനോഹാരിതയും. യുവതലമുറയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുതരം ത്രില്ലാണത്. ആ ത്രില്ല് പരമാവധി ആസ്വദിക്കുകയെന്നതുമാത്രമാണ് നാം ചെയ്യേണ്ടത്.

നാളെ നേരംവെളുമ്പോള്‍ ശ്രീരാമപട്ടാഭിഷേകം. അയോധ്യാനഗരി മുഴുവനും അതിനുള്ള തയ്യാറെടുപ്പിലാണ്. വസിഷ്ഠ മഹര്‍ഷി ശ്രീരാമനും സീതയും ചടങ്ങിനുമുമ്പേ അനുവര്‍ത്തിക്കേണ്ട ഉപവാസങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. ഏതൊരു നല്ലകാര്യം ഒരു തപസ്സോടെ ആരംഭിക്കണമെന്ന ഭാരതീയ സംസ്കാരത്തെ വിളിച്ചോതുന്നതാണിത്.

എന്നാല്‍ പിറ്റേന്ന് നടന്നതെന്താണ്രാജ്യമല്ലവനവാസമാണ് പിതാവ് തനിക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന സത്യം മനസ്സിലാക്കിയ ശ്രീരാമന്‍ തെല്ലും മടികൂടാതെ അത് സ്ഥീകരിച്ചു. അപ്രതീക്ഷതമായ കാര്യങ്ങള്‍ ജീവിതത്തില്‍ നടന്നാലും അതിനെ പുഞ്ചിരിയോടുകൂടി നേരിടാനുള്ള പാഠമാണ് ശ്രീരാമന്‍ പഠിപ്പിക്കുന്നത്.

ശ്രീരാമന്‍ തന്നെ മനസ്സുകൊണ്ട്
ശപിക്കുമെന്നുംചോദ്യം ചെയ്യുമെന്നുമൊക്കെ കരുതിയ കൈകേയി ശ്രീരാമന്‍റെ പ്രതികരണം കണ്ട് ഞെട്ടിപ്പോയി. "ഏറ്റവും കഷ്ടമുള്ള രാജ്യഭാരം അങ്ങ് സ്വന്തം മകനായ ഭരതനു കൊടുത്തു. ഏറ്റവും ലളിതവുംആദ്ധ്യാത്മികതയ്ക്കുതകുന്നതുമായ വനവാസം എനിക്കും തന്നു. അമ്മേ കൈകേയി നീ കാരുണ്യവതി തന്നെ". എന്നാണ് ശ്രീരാമന്‍ പ്രതികരിച്ചത്.

ഇക്കാര്യം സ്വന്തം അമ്മയായ കൌസല്യയെ അറിയിക്കാനായി ശ്രീരാമന്‍ ചെല്ലുമ്പോള്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന കൌസല്യ ചോദിക്കുന്നു. "നിനക്ക് വിശക്കുന്നുണ്ടോകൈകാല്‍ കഴുകി വന്നിരുന്നോളൂ ഞാന്‍ വിളംബിത്തരാം."
"ഇപ്പോള്‍ ഉണ്മാന്‍ സമയമില്ലമ്മേ വൈകാതെ വനവാസത്തിനുപോകണം" എന്ന് അമ്മയോടു പറയുന്ന ശ്രീരാമന്‍ എത്ര ആസ്വദിച്ചാണ് ജീവിതത്തിലെ ചാലഞ്ചുകളെ നേരിടുന്നതെന്ന് കാണാനാകും.

എന്നാല്‍ രാഘവനെപ്പോലെ ഇത്ര ലാഘവത്തോടെ ലക്ഷമണ് കാര്യങ്ങളെ കാണാനായില്ല. അവന്‍ സ്വന്തം അച്ഛനെ പെണ്‍വാക്ക് കേള്‍ക്കുന്നവനെന്നുംബുദ്ധികെട്ടവനെന്നുംദുഷ്ടനെന്നും വിളിച്ച് ശകാരിക്കുമ്പോള്‍ രാമന്‍, ലക്ഷമണന്‍റെ കോപത്തെ തണുപ്പിക്കുന്ന വിധം നാമെല്ലാവരും ജീവിതത്തില്‍ മനസ്സിലാക്കിയിരിക്കേണ്ട ഒരു ജീവിതകലതന്നെയാണ്.

"വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍.
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു
മുന്നമേ ഞാനെടോ നിന്നുള്ളിലെപ്പോഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്ല മറ്റാർക്കുമെന്നുള്ളതും
നിന്നാല്‍ അസാദ്ധ്യമായില്ലൊരു കര്‍മ്മവും
നിര്‍ണ്ണയമെങ്കിലുമൊന്നിതു കേള്‍ക്ക നീ."

നമ്മുടെ പ്രിയപ്പെട്ടവര്‍ കോപാകുലരായി സംസാരിക്കുമ്പോള്‍ തിരിച്ചും ഒച്ചപ്പാടുണ്ടാക്കുകയല്ല വേണ്ടത്മറിച്ച് അവരുടെ നല്ലഗുണങ്ങളെ ഉയര്‍ത്തിക്കാണിച്ച് അവരോട് അപേക്ഷിക്കുകയാണ് ചെയ്യേണ്ടത്.

കോപാകുലയായി അരിശത്തോടെ നിലവിളിക്കുന്ന ഭാര്യയോട് "എന്‍റെ പ്രിയ്യപ്പെട്ടവളേഎല്ലാം നിനക്കറിയുന്നതല്ലേ" എന്ന് ചോദിച്ചുകൊണ്ടു നിങ്ങളുടെ മറുപടി തുടങ്ങിയാല്‍ത്തന്നെ പകുതി പ്രശ്നം തീരും.
പക്ഷെ നാം ചെയ്യുന്നത് കോപം വരുമ്പോള്‍ നിലവിളിക്കുകയാണ്. രണ്ടുപേരും അടുത്താണ് നില്ക്കുന്നതെങ്കിലും മനസ്സ് വളരെ ദൂരത്തായിരിക്കുന്നു. അതുകൊണ്ടാണ് ഉച്ചത്തില്‍ പറയേണ്ടിവരുന്നത്.


അതേ സമയം പ്രണിയിതാക്കളെ നോക്കൂ. അവര്‍ മൌനമായി പരസ്പരം കണ്ണില്‍ നോക്കിയിരിക്കുന്നു. അവര്‍ക്ക് പറയാനുള്ളത് പറയാന്‍ ഒരുവാക്കുപോലും ഉപയോഗിക്കേണ്ടി വരുന്നില്ല. കാരണം അവരുടെ മനസ്സ് ഒന്നിനൊന്ന് അടുത്തിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ