കാവി നിറത്തിന് ഒരു പ്രത്യേകതയുണ്ട്. അത് ദീര്‍ഘകാലമായി ഹിന്ദുമത വിശ്വാസികള്‍ ആദരിച്ചു വരുന്ന ഒരു നിറമാണ്. എന്നാല്‍ കാവിവസ്ത്രം ധരിച്ചു നടക്കുന്ന പലരും ഈ നിറത്തിന്റെ പവിത്രത അറിഞ്ഞുകൂടാത്തവരാണ്. ഈ വസ്ത്രം ധരിച്ചാല്‍ താനൊരു തികഞ്ഞ ഹിന്ദുവായിത്തീരുമെന്നുള്ളതാണ് അവരുടെയെല്ലാം അന്ധമായ വിശ്വാസം. ഇവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്.
ധര്‍മ്മതോരണം അഥവാ ധര്‍മ്മധ്വജത്തിനു മഞ്ഞനിറം കൂടുതലുള്ള കാവിയും ഈശ്വരധ്വജത്തിന് ചുവപ്പു കൂടിയ കാവിയും സന്ന്യാസത്തിന് കറുപ്പുനിറം കൂടിയ കാവിയുമാണ് ഉപയോഗിക്കുക പതിവ്. കാശി മുതലായ പുണ്യസ്ഥലങ്ങളില്‍ തീര്‍തഥാടനത്തിനായിപ്പോകുന്ന ഭക്തര്‍ കാവിവസ്ത്രമാണല്ലോ ഏറിയ കൂറും ധരിക്കാറുള്ളത്. വെള്ള, ചുവപ്പ്, കറുപ്പ് എന്നീ മൂന്ന് നിറങ്ങള്‍ സംയോജിച്ചാണ് കാവിനിറം ഉണ്ടാകുന്നത്. അവയില്‍ വെള്ള നിറം സദ്‌ഗുണത്തെയും ചുവപ്പ് രജോഗുണത്തെയും കറുപ്പ് തമോഗുണത്തെയും സൂചിപ്പിക്കുന്നു. ഇപ്രകാരം മൂന്ന് ഗുണങ്ങളും നിറങ്ങളും ചേര്‍ന്നാണ് കാവിനിറം
ഉണ്ടായിരിക്കുന്നത്. ഈ മൂന്ന് നിറങ്ങളും പരസ്പരം വേര്‍പ്പെടുത്താനാവാതെ കലര്‍ത്തികൊണ്ട് ത്രിഗുണങ്ങളില്‍ വര്‍ത്തിച്ചാലും ഗുണരഹിതനായി സമഭാവനയോടു കൂടി നില്‍ക്കുന്നുവെന്നതാണ്, കാവി വസ്ത്രം ധരിച്ചുകൊണ്ട് സന്ന്യാസി പഠിപ്പിക്കുന്നത്. ഗൃഹസ്ഥാശ്രമികള്‍ക്ക് കാവിവസ്ത്രം വിധിക്കപ്പെട്ടിട്ടുള്ളതല്ല.
കാവി അഥവാ കാഷായം എന്ന വാക്ക് എങ്ങനെയുണ്ടായി എന്ന് നോക്കാം. ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ പശയുള്ള ഒരുതരം മണ്ണ് കാണപ്പെടുന്നുണ്ട്. അതിന് കാവി നിറമാണ്. കാഷായം എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. ഈ മണ്ണ് കലക്കി തങ്ങളുടെ വസ്ത്രങ്ങളില്‍ മുക്കിയാണ് അവിടുത്തെ സന്ന്യാസിമാര്‍ കാഷായവസ്ത്രം ധരിക്കുന്നത്. ഭോഗമോഹതൃഷ്ണാദികള്‍ വെടിഞ്ഞ് സര്‍വ്വസംഗ പരിത്യാഗികളായ സന്ന്യാസിമാരാണ് കാഷായ വസ്ത്രം ധരിക്കാറുള്ളത്. അല്ലാതെ ഹിന്ദുമത പ്രചാരകന്മാരായി വേഷം കെട്ടുന്നതിനുവേണ്ടി കാവി വസ്ത്രം ധരിക്കുന്നത് ഉചിതമാകുകയില്ല. അങ്ങനെ ചെയ്യുന്നത് കാഷായ വസ്ത്രത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.
അഗ്നിയെ സൂചിപ്പിക്കുന്ന നിറമാണ് മഞ്ഞ കലര്‍ന്ന കാവിക്കുള്ളത്. അഗ്നി ശുദ്ധിയുള്ളതും സത്യവുമാകുന്നു. ഈ നിറമുള്ള കാവി ധര്‍മ്മത്തിന്റെ പ്രതീകമാണ്. ആദിത്യ ഭഗവാന്റെ അരുണ ശോഭയാര്‍ന്നതാണ് ചുവപ്പ് കാവി. ഇതു സൂര്യതേജസ്സിനെ ഓര്‍മ്മിപ്പിക്കുന്നു. സര്‍വ്വസംഗപരിത്യാഗിയായി ലൌകിക ബന്ധങ്ങളുപേക്ഷിച്ചതിനെയാണ് കറുപ്പുനിറം കലര്‍ന്ന കാവി സൂചിപ്പിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ