വിവാഹം എന്ന വ്യവസ്ഥയിലെ പരമപ്രധാനമായ ഒരു ചടങ്ങാണ് താലി ചാര്‍ത്തല്‍. വരന്‍ വധുവിന്റെ കഴുത്തില്‍ അണിയുന്ന താലിയ്ക്ക് മംഗല്യസൂത്രം എന്നും പേരുണ്ട്. ആലിലയുടെ ആകൃതിയിലോ ത്രികോണാകൃതിയിലോ ഉള്ള താലി മഞ്ഞച്ചരടില്‍ ഇട്ടാണ് താലി ചാര്‍ത്തുന്നത്. ഇതുവഴി അവര്‍ക്ക് ഭാര്യ - ഭര്‍തൃബന്ധം സ്ഥാപിക്കാം. താലിയുടെ ചുവട്ടില്‍ ശിവസാന്നിധ്യവും, മധ്യത്തില്‍ വിഷ്ണുസാന്നിധ്യവും, തുമ്പത്ത് ബ്രഹ്മസാന്നിധ്യവുമുണ്ട്. അതിനാല്‍ ഭാരതിയാചാരപ്രകാരം താലിയ്ക്ക് വലിയ വിലയാണ് സ്ത്രീകള്‍ നല്‍കുന്നത്. സത്വരജതമഗുണങ്ങള്‍ വഹിക്കുന്ന താലി ചരടില്‍ വീഴുന്ന കെട്ടില്‍ മായാശക്തി സ്ഥിതിചെയ്യുന്നു. താലിയുടെ പവിത്രമായ
ആശയം ഭാരതീയ സംസ്ക്കാരത്തിന്റെ മുഖമുദ്രയാണ് എന്ന്‍ തന്നെ പറയാം.
താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല്‍ വളരെയധികം നന്‍മയെന്നര്‍ത്ഥം. മംഗളത്തില്‍ നിന്നും മാംഗല്യം ( വിവാഹം )
എന്നര്‍ത്ഥ മുണ്ടായി. സൂത്രമെന്നാല്‍ ചരട് എന്നര്‍ത്ഥം.
പുരുഷനാല്‍ ഒരു സ്ത്രീയുടെ കഴുത്തില്‍ ചരടു കെട്ടുമ്പോള്‍ ധാരണാബലമനുസരിച്ച് ചരടു കെട്ടിയ ആളും കെട്ടപ്പെട്ടവരും പരസ്പരം ബന്ധിക്കപ്പെട്ടു എന്നര്‍ത്ഥം. അതോടെ സ്ത്രീ, തന്നെ ചരടു കെട്ടിയ ആളോട് വിധേയപ്പെട്ടുപോകുന്നു. ഇതിന്‍റെ ഒരറ്റത്ത് ഒരു കെട്ട് ( കൊളുത്ത് ) ഉണ്ട്. അതിനു മുന്നില്‍ സ്വര്‍ണ്ണാദിയാല്‍ നിര്‍മ്മിച്ച ഒരു താലി ഉണ്ടായിരിക്കും.
ആലിലയുടെ ആകൃതിയിലുള്ള താലി ഒരു ത്രികോണത്തിന്‍റെ പരിഷ്കൃത രൂപമാണ്. താലിത്തുമ്പില്‍ ബ്രഹ്മാവും, താലിമദ്ധ്യത്തില്‍ വിഷ്ണുവും, താലിമൂലത്തില്‍ മഹേശ്വരനും സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ ചരട് മൂന്നു ഗുണങ്ങളുടെ ( സത്വം, രജസ്സ്, തമസ്സ് ) പ്രതീകമാണ്. താലിയുടെ കെട്ടില്‍ ( കൊളുത്ത് ) സര്‍വ്വലോകത്തിനും ആധാരമായ മഹാമായാശക്തി സ്ഥിതി ചെയ്യുന്നു. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്. അപ്പോള്‍ പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു ഗുണങ്ങളും ( ചരട് ), ത്രിമൂര്‍ത്തികളും ( താലി ), മായാശക്തിയും ( കെട്ട് ) ഒന്നിച്ചു ചേരുമ്പോള്‍ താലിച്ചരട് പ്രപഞ്ചത്തിന്‍റെ സ്വരൂപമായി മാറുന്നു. ഈ താലിച്ചരടിനെ ബന്ധിച്ചയാള്‍ ജീവാത്മാവിനെ ബന്ധിക്കുന്ന പരമാത്മാവിനു തുല്യമാകയാല്‍ സ്ത്രീ ഇവിടെ ജീവാത്മാവായും പുരുഷന്‍ പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനില്‍ നിക്ഷിപ്തമായിരിക്കുന്നത്
വിവാഹസമയത്ത് വധുവിന്റെ കഴുത്തിൽ അണിയിക്കുന്ന പ്രധാന ആഭരണമായ മംഗല്യസൂത്രം ആണ് താലി . മംഗല്യത്തിന്റെ ശാശ്വതമായ ഭവ്യ പ്രതീകമാണിത്...
കേരളത്തിലെ എല്ലാ മതക്കാരുടെയിടയിലും വിവാഹചടങ്ങുകളിലെ പ്രധാന ചടങ്ങ് താലികെട്ടാണ്..
ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഭാര്യ താലി ധരിക്കാൻ പാടില്ലെന്ന വിശ്വാസം ചില സമുദായങ്ങളിലുണ്ട്. ഭർത്താവിന്റെ ചിതയിൽ താലി സമർപ്പിക്കുന്ന ചടങ്ങ് നമ്പൂതിരി സമുദായത്തിൽ നിലവിലുണ്ട്..
പത്ത് വയസ്സിന് മുമ്പ് പെൺകുട്ടികൾക്ക് താലികെട്ട് കല്യാണം നടത്തുന്ന ആചാരം നായർ, ഈഴവർ തുടങ്ങിയ ജാതിക്കാരുടെ ഇടയിൽ നിലവിലുണ്ടായിരുന്നു. വിവാഹവുമായി കാര്യമായ ബന്ധമില്ലാത്ത ഈ അനാചാരം 1911-ൽ ശ്രീനാരായണഗുരു കരിംകുളത്ത് വച്ച് നിറുത്തലാക്കിക്കൊണ്ട് നടത്തിയ പ്രഖ്യാപനം ഒരു അലിഖിത നിയമമായി അംഗീകരിക്കപ്പെടുകയുണ്ടായി.
സ്ഥലകാല, ജാതിമത വ്യത്യാസമനുസരിച്ച് താലിയുടെ ആകൃതിക്കും പ്രകൃതത്തിനും താലികെട്ട് ചടങ്ങിനും വിഭിന്നത കാണപ്പെടുന്നു. സാധാരണയായി സ്വർണനിർമിതമാണ് താലി. ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്. സ്വർണമല്ലാതെ മറ്റു ലോഹങ്ങളും ചില സമുദായക്കാർ താലിക്കുപയോഗിച്ചു കാണുന്നുണ്ട്.
ഓരോ സമുദായവും പ്രത്യേകതരം താലിയാണുപയോഗിച്ചു വരുന്നത്. നമ്പൂതിരി സ്ത്രീകൾ ധരിക്കുന്നത് 'ചെറുതാലി'ആണ്. നാഗപടത്താലിയും, ഐന്തലത്താലിയും നായർ സ്ത്രീകളും മിന്ന് ഈഴവ സ്ത്രീകളും പണ്ട് ധരിച്ചിരുന്നു. പിന്നീടിതിനു മാറ്റമുണ്ടാവുകയും നായരീഴവ സ്ത്രീകൾ ഒരേ രീതിയിലുള്ള താലിധരിക്കുന്ന രീതി സാർവത്രികമാവുകയും ചെയ്തു. പഴയകാലത്ത് പലവിധ താലികൾ നിലനിന്നിരുന്നതായി സംഘകാല കൃതികൾ വെളിപ്പെടുത്തുന്നു.
അക്കാലത്തെ ചില താലികളുടെ പേരുകൾ ഇങ്ങനെയാണ്:
ഐമ്പടൈത്താലി (മണിമേഖല), പരിപെൺതാലി (ഐങ്കുറുനൂറ്), പിൻമണിത്താലി (പെരുങ്കതൈ) ആമൈത്താലി (തിരുമൊഴി), മംഗളനൂൽത്താലി (പെരിയപുരാണം), മംഗളഞാൽ-മംഗളത്താലി (കമ്പരാമായണം). ജീവകചിന്താമണിയിൽ മാണിക്യത്താലിയെപ്പറ്റി പ്രസ്താവമുണ്ട്. കേരളത്തിൽ മുമ്പ് നിലവിലിരുന്ന മറ്റു ചില താലികൾ കുമ്പളത്താലി, ഇളക്കത്താലി, പൂത്താലി, വനംപൂത്താലി, മാത്ര, ഉന്തുമിന്ന്, പുളിയിലമിന്ന്, കവണത്താലി, മലത്തിത്താലി, കമുത്തിത്താലി, പപ്പടത്താലി, പൊക്കൻതാലി എന്നിവയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ