( പ്രിയപ്പെട്ട സുഹൃത്തുക്കളെ പോയ കാലം നമ്മെ കൈപിടിച്ച് നടത്തിയവർക്ക് ഒരുപിടിച്ചോർ......... പിന്നെ ആ ഓർമയ്ക്ക് ഒരു തുള്ളി കണ്ണീർ....... നമുക്കും ആത്മാര്‍ഥമായി അര്‍പ്പിക്കം അവരുടെ മോക്ഷപ്രാപ്തിക്കായി ........)
ഈ ലോകത്ത് ജീവിക്കുവാന്‍ അവകാശം തന്ന നമ്മളുടെ മരിച്ചു പോയ മാതാപിതാക്കൾക്കും പൂർവികര്‍ക്കും വേണ്ടി പ്രാര്‍ത്ഥന ചൊല്ലി ഒരുപിടിച്ചോർ, സ്വല്പ്പം പുഷ്പം, കുറച്ചു ജലം എന്നിവയും പിന്നെ ആ ഓർമയ്ക്ക് ഒരു തുള്ളി കണ്ണീരും ആത്മാര്‍ഥമായി അര്‍പ്പിക്കുന്ന കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടക വാവ് എന്ന പേരിൽ ഹിന്ദുക്കൾ ആചരിക്കുന്നത്. ഈ ദിവസം പിതൃബലിക്കും തർപ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിതർപ്പണം ചെയ്താല്‍ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.
തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക.മരിച്ചവർ ചന്ദ്രന്‍റെ അന്ധകാരമാനമായ ഭാഗത്തുള്ള പിതൃ ലോകത്തേക്ക് ഉയർത്തപ്പെടുന്നു എന്ന് ഹൈന്ദവർ വിശ്വസിക്കുന്നു. അവിടെ നിന്ന് അവർ പുനർജ്ജനിക്കുകയോ അല്ലെങ്കിൽ
മറ്റു ലോകങ്ങളിലേക്ക് പോകുകയോ മോക്ഷപ്രാപ്തി ലഭിച്ച് ദൈവത്തിനൊപ്പം സ്ഥാനം ലഭിക്കുകയോ ചെയ്യുന്നു. പിതൃ ലോകത്ത് വാസു, രുദ്ര, ആദിത്യ എന്നീ മൂന്ന് തരം ദേവതകൾ ഉണ്ട്. ഇവർ തർപ്പണങ്ങൾ സ്വീകരിച്ച് അത് അതാത് പിതൃക്കൾക്കെത്തിക്കുകയും അത് സ്വർഗ്ഗത്തിലേക്കുള്ള യാത്രക്കിടയിൽ അവർക്ക് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നു. തർപ്പണം ആണ് പിതൃക്കൾക്കുള്ള ഏക ഭക്ഷണം എന്നും അത് കിട്ടാഞ്ഞാൽ പിതൃക്കൾ മറ്റു ജന്മമെടുക്കുമെന്നും അവരുടെ ശാപം വരൂം തലമുറകളെ ബാധിക്കുമെന്നും വിശ്വസിക്കുന്നു.
ശ്രീരാമൻ വാനപ്രസ്ഥകാലത്ത് ദശരഥന് കേരളത്തിലെ പമ്പാ നദിയിൽ പിതൃതർപ്പണം ചെയ്തു എന്ന് ഐതിഹ്യമുണ്ട്. ഈ കാരണം കൊണ്ടാണ് ഇന്ന് ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തന്മാർ പമ്പയിൽ പിതൃതർപ്പണം നടത്തിയതെന്നും അതല്ല, അയ്യപ്പൻ തന്നെ തന്‍റെ വീരമൃത്യു പ്രാപിച്ച പോരാളികൾക്കായി തർപ്പണം ചെയ്തതിനാലാണ് ഇത് എന്നും അതുമല്ല ബുദ്ധൻ ഏർപ്പെടുത്തിയ ഉത്‍ലംബനം അതിൻറേതായ രീതിയിൽ പിന്നീട് ക്ഷേത്രം ഏറ്റെടുത്ത ആര്യവർഗ്ഗക്കാർ പിന്തുടരുകയായിരുന്നു എന്നും വിശ്വാസങ്ങൾ ഉണ്ട്.ജനുവരി 14 മുതൽ ആറ് മാസം ഉത്തരായനവും ശേഷം ദക്ഷിണായനവും ആണ്. ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവന്മാർക്കും ഉള്ളതാണെന്ന് ശാസ്ത്രം. ദക്ഷിണായനത്തിൽ മരിക്കുന്നവരാണ് പിതൃലോകത്തിൽ പോകുന്നത്. ഇതിന്‍റെ ആരംഭമാണ് കർക്കിടകമാസം. ഇതിന്റെ കറുത്തപക്ഷത്തിൽ പിതൃക്കൾ ഉണരുന്നു. ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു. ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം. പന്ത്രണ്ട് ദിവസത്തിലൊരിക്കൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങൾ പിതൃക്കൾക്ക് അന്നം എത്തിച്ച് കൊടുക്കണം. ഇതാണ് വാവുബലി. വാവുബലി മുടക്കുന്നവരോട് പിതൃക്കൾ കോപിക്കുന്നു എന്നാണ് മറ്റൊരു വിശ്വാസം.
കേരളത്തില്‍ പ്രശസ്തമായ സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതർപ്പണത്തിനുള്ള സൗകര്യം ഏർപ്പെടുത്താറുണ്ട്. ആലുവ മഹാശിവരാത്രി മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, ദക്ഷിണകാശിയെന്നറിയപ്പെടുന്ന പെരുമ്പാവൂർ ചേലാമറ്റം, തിരുനെല്ലി പാപനാശിനി, വർക്കല പാപനാശം തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമക്ഷേത്രം തുടങ്ങിയവ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ