2017, ജനുവരി 3, ചൊവ്വാഴ്ച

അഹം ബ്രഹ്മാസ്മി/Aham Brahmasmi/Hindu Viswasangal Acharangal

ഒരിടത്ത് ഒരു കുട്ടിക്ക് ദൈവത്തെ കാണണം എന്ന് കടുത്ത ആഗ്രഹം ഉണ്ടായിരുന്നു ....

അവന്‍ തന്റെ അമ്മയോട് അത് പറയുക ഉണ്ടായി....

അപ്പോള്‍ അമ്മ പറഞ്ഞു " ദൈവത്തെ കാണുവാന്‍ വളരെ അധിക ദൂരം പോകേണ്ടത് ഉണ്ട് "

ആ ഉത്തരം അവന്റെ ആഗ്രഹത്തെ ശമിപ്പിക്കുന്നത് ആയിരുന്നില്ല....

ഒരു വാരാന്ത്യ അവധി ദിനത്തില്‍ അവന്‍ ദൈവത്തെ കാണുവാന്‍ തീരുമാനിച്ചു....

ദീര്‍ഘയാത്ര പോകുന്നതിനാല്‍ വിശക്കുമ്പോള്‍ കഴിക്കുവാന്‍ വേണ്ടി അവന്‍ മൂന്നാല് പാക്കറ്റ് ബിസ്കറ്റ് പിന്നെ വീട്ടില്‍ വാങ്ങി വച്ചിരുന്ന ജ്യൂസ് കുപ്പിയും എടുത്തു ബാഗില്‍ വച്ചു....

വൈകിട്ടേ വരൂ എന്ന് പറഞ്ഞു കൊണ്ട് അമ്മയോട്
യാത്രയും പറഞ്ഞു ഇറങ്ങി....

നടന്നു അടുത്തുള്ള പാര്‍ക്കില്‍ എത്തിയപ്പോള്‍ അവിടെ വൃദ്ധയായ ഒരു സ്ത്രീ പുല്ലില്‍ ഇരിക്കുന്ന പ്രാവിനെ നോക്കി ഇരിക്കുന്നത് കണ്ടു...

അവരില്‍ കണ്ട വിഷാദ ഭാവംഅവശത എന്നിവ അവരെ നോക്കി ഇരിക്കുവാന്‍ അവനെ പ്രേരിപ്പിച്ചു....

വിശക്കുന്നു എന്ന് തിരിച്ചറിഞ്ഞ അവന്‍ തന്റെ ബാഗില്‍ നിന്നും ഒരു ബിസ്കറ്റ് പൊതി എടുത്തു...

അവരുടെ ക്ഷീണം കണ്ടപ്പോള്‍ ആ ബിസ്കറ്റ് അവര്‍ക്ക് കൊടുക്കണം എന്ന് തോന്നി......

ബാലന്‍ അത് നീട്ടിയപ്പോള്‍ അവരുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി അവനില്‍ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടാക്കി....

ആ പുഞ്ചിരി കണ്ട അവന്‍ ജ്യൂസിന്റെ കുപ്പിയും അവര്‍ക്ക് നീട്ടി....വീണ്ടും അവരുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു...

വിശന്നു ഇരുന്ന ആ സ്ത്രീ സന്തോഷത്തോടെ ആ ഭക്ഷണം കഴിച്ചു....

ഇടയില്‍ കുറച്ചു ബിസ്കറ്റ് അവന്റെ വായില്‍ വച്ച് കൊടുക്കുകയും ചെയ്തു...

അവരുടെ പുഞ്ചിരി വീണ്ടും വീണ്ടും കാണുവാന്‍ വേണ്ടി അവന്‍ പലപ്പോഴായി തന്റെ കയ്യില്‍ ഉണ്ടായിരുന്ന ഭക്ഷണവും ജ്യൂസും മുഴുവനും അവര്‍ക്ക് നല്‍കി....

പകല്‍ മുഴുവനും പരസ്പരം സംസാരിക്കാതെ അവര്‍ പുഞ്ചിരിച്ചു കൊണ്ട് ഇരുന്നു...

സന്ധ്യയായപ്പോള്‍ അവന്‍ ഓര്‍ത്തു തിരികെ വീട്ടില്‍ പോകേണ്ട സമയം ആയി....

തിരികെ നടന്ന അവന്‍..എന്തോ ഓര്‍ത്തത്‌ പോലെ വന്നു ആ സ്ത്രീയെ ആലിംഗനം ചെയ്തു....അവന്റെ തലയില്‍ ചുംബിച്ചു കൊണ്ട് തലോടി അവര്‍.....

നിറഞ്ഞ മനസ്സുമായി ആണ് അവന്‍ തിരികെ വീട്ടില്‍ എത്തിയത്...

മകന്റെ മുഖത്ത് ഇന്ന് വരെ കാണാത്ത സന്തോഷം കണ്ട അമ്മ കാരണം ചോദിച്ചു...

മകന്‍ പറഞ്ഞു " ഞാന്‍ ഇന്ന് ഭക്ഷണം കഴിച്ചത് ഈശ്വരന്റെ ഒപ്പം ആണ്.....എന്ന് മാത്രം അല്ല ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരമായ പുഞ്ചിരി ആണ് അവരുടേത് "

വൃദ്ധയായ സ്ത്രീ വളരെ സന്തോഷത്തോടെ ആണ് വീട്ടില്‍ തിരികെ എത്തിയത്....സന്തോഷത്തിന്റെ കാരണം തിരക്കിയ മകനോട്‌ അവര്‍ നല്‍കിയ ഉത്തരം

ഞാന്‍ ഇന്ന് ഭക്ഷണം കഴിച്ചത് ദൈവത്തിന്റെ ഒപ്പം ആണ്.. ഞാന്‍ കരുതിയതിലും വളരെ പ്രായം കുറവ് ആണ് ദൈവത്തിനു "

സാരാംശം :

ഈശ്വരന്‍ നമ്മില്‍ തന്നെ ആണ് ഉള്ളത്

അഹം ബ്രഹ്മാസ്മി "..


ആ തിരിച്ചറിവ് ഉള്ളില്‍ വച്ച് കൊണ്ട് നാം മറ്റുള്ളവരോട് കരുണയും സ്നേഹവും നല്‍കി ഈശ്വരനെ അറിയണം..സ്പര്‍ശിക്കണം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ