(ആദ്ധ്യാത്മിക ജ്ഞാനം - ആത്മാവിനേയും ദൈവത്തേയും അവർ തമ്മിലുളള ബന്ധത്തേയും സംബന്ധിച്ച ജ്ഞാനം -
ശുദ്ധീകരിക്കുന്നതും മോക്ഷം പ്രദാനം ചെയ്യുന്നതുമാണ്. അത്തരം അറിവ് നിഃസ്വാർഥമായ ഭക്തിയുക്തകർമ്മത്തിന്റെ (കർമയോഗം) ഫലമായി ലഭിക്കുന്നതാണ്. ഭഗവാന്‍ ഗീതയുടെ പൂർവകാല ചരിത്രവും, കാലാകാലങ്ങളിലും ഭൗതിക ലോകത്തേക്കുളള തന്റെ അവതാരങ്ങളുടെ ഉദ്ദേശ്യവും പ്രാധാന്യവും ഒരു ഗുരുവിനെ അതായത് സാക്ഷാത്ക്കാരം നേടിയ ഒരു ആചാര്യനെ സമീപിക്കേണ്ടതിന്റെ ആവശ്യവും വിശദമാക്കുന്നു.)
ശ്ലോകം :
ശ്രീഭഗവാനുവാച:
ബഹുനി മേ വ്യതീതാനി
ജന്മാനി തവ ചാർജുന,
താന്യഹം വേദ സർവാണി
ന ത്വം വേത്ഥ പരം തപ.
വിവർത്തനം
ശ്രീഭഗവാന്‍ പറഞ്ഞു:
ശത്രുക്കളെ കീഴടക്കുന്നവനെ, എനിക്കും നിനക്കും
എണ്ണമറ്റ ജന്മങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു. എനിക്കതെല്ലാം ഓർമിക്കാൻ കഴിയും. നിനക്കത് സാദ്ധ്യമല്ല.
ഭാവാർത്ഥം
ബ്രഹ്മസംഹിതയിൽ ഭഗവാന്റെ അനേകം അവതാരങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട് (5.33). ആദ്യനും, നിരപേക്ഷനും, അച്യുതനും, തുടക്കമില്ലാത്തവനും, ഏറ്റവും പ്രായം കൂടിയവനും, അനന്തമായ രൂപങ്ങളോടുകൂടിയവനും എന്നാൽ നവ യൗവ്വനയുക്തനും ആയ ഗോവിന്ദനെ (കൃഷ്ണനെ) ഞാൻ ഭജിക്കുന്നു. ഭഗവാന്റെ ഈ സച്ചിദാനന്ദ വിഗ്രഹം വേദ പണ്ഡിതർക്ക് ദുർലഭമായേ ഗ്രാഹ്യമാവൂ; വിശുദ്ധ ഭക്തന്മാർക്കാകട്ടെ എന്നും പ്രത്യക്ഷമാണ്.
രാമനായും നരസിംഹമായും മറ്റു പല അവതാരമൂർത്തികളായും അംശാവതാരങ്ങളായും നിലകൊളളുകയും കൃഷ്ണനെന്നറിയപ്പെടുകയും ശ്രീകൃഷ്ണഭഗവാനായിത്തന്നെ സ്വയം ആവിർഭവിക്കുകയും ചെയ്ത
ആദിപുരുഷനായ ഗോവിന്ദനെ ഞാൻ ഭജിക്കുന്നു.
ഭഗവാന്റെ സന്തതസഹചാരികളാണ് അർജ്ജുനനെപ്പോലെയുളള ഭക്തന്മാർ. ഭഗവാന്റെ അവതാര കാലത്ത് പല രൂപങ്ങളിലും ഭഗവത് സേവനം നിർവഹിക്കാനായി ഇങ്ങനെയുളളവരും ഭൂമിയിൽ
പിറക്കാറുണ്ട്. അക്കൂട്ടത്തിലൊരു ഭക്തനാണ് അർജ്ജുനൻ. അനേകായിരം കൊല്ലങ്ങൾക്കു മുമ്പ് ഭഗവാൻ വിവസ്വാൻ എന്ന സൂര്യദേവന് ഗീതോപദേശം ചെയ്യുമ്പോഴും അർജ്ജുനൻ മറ്റൊരു രൂപത്തിൽ സന്നിഹിതനായിരുന്നു എന്ന് ഈ ശ്ലോകത്തിൽ നിന്ന് മനസ്സിലാക്കാം. ഒരു വ്യത്യാസമേയുളളു; കൃഷ്ണൻ ആ സന്ദർഭം ഓർമിക്കുന്നു; അർജ്ജുനന് ഓർമിക്കാൻ കഴിയുന്നില്ല. പരമപുരുഷനായ ഭഗവാനും തന്റെ വിഭിന്നാംശം മാത്രമായ ജീവാത്മാവും തമ്മിലുളള വ്യത്യാസം ഇതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ