2017, ജനുവരി 3, ചൊവ്വാഴ്ച

താണിക്കുടം ഭഗവതി ക്ഷേത്രം/Thanikkudam Bhagavathi Temple

മിക്ക ആണ്ടുകളിലും കാലവർഷസമയത്ത് രണ്ടോ മൂന്നോ പ്രാവശ്യം സംഭവിക്കുന്ന ആറാട്ട്’ എന്ന പ്രതിഭാസമാണു് ഇവിടത്തെ പ്രധാനപ്രത്യേകത....!

 മറ്റിടങ്ങളിൽ വിഗ്രഹം’ ഏതെങ്കിലും ജലാശയത്തിലേക്ക് ആനയിച്ച് കുളിപ്പിക്കുന്നതിനുപകരം ഇവിടെ ഭഗവതിയെ കുളിപ്പിക്കാൻ പുഴതന്നെ സ്വയം ഒഴുകിയെത്തുന്നു എന്നാണു് ജനങ്ങളുടെ വിശ്വാസം.

മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിലിലാണു് ഈ അമ്പലത്തിലെ പ്രധാന മൂർത്തിയായ ഭഗവതിയുടെ മൂലപ്രതിഷ്ഠ. വെയിലും മഴയും തടസ്സമില്ലാതെ അനുഭവിക്കാവുന്ന ഇത്തരം ദേവീസങ്കൽ‌പ്പത്തെ നനദുർഗ്ഗ’ എന്നും അപർണ്ണ’ എന്നും വിളിച്ചുവരുന്നു. യഥാർത്ഥ മൂലപ്രതിഷ്ഠ സ്വയംഭൂ’ എന്നു് ഭക്തർ വിശ്വസിക്കുന്ന ഒരു വലിയ ശിലാഫലകമാണു്. നാലുവശവും അടച്ചുകെട്ടിയ ഒരു ഗർഭഗൃഹത്തിൽ പുവ്വം’ എന്ന തരം ഒരു വൃക്ഷത്തിനു കീഴിലായി സ്ഥിതിചെയ്യുന്ന ഈ ഫലകം പുറമേനിന്നും ദൃശ്യമല്ല. ശ്രീകോവിലിനുള്ളിലെ മറ്റൊരു
ചെറിയ ശിലാവിഗ്രഹമാണു് പൂജാബിംബമായി ആരാധിക്കപ്പെടുന്നതു്.

താണിക്കുടം പുഴ’ അഥവാ നടുത്തോട്’ എന്നറിയപ്പെടുന്ന ചെറിയ ഒരു പുഴ പ്രകൃത്യാ ചുറ്റിവളഞ്ഞൊഴുകി ഒരു ഉപദ്വീപുപോലെ രൂപപ്പെട്ട സ്ഥലത്താണു് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് അമിതമായി മഴപെയ്യുമ്പോൾ ഈ പുഴ ഒരുമീറ്ററിൽ കൂടുതൽ ഉയരത്തിൽ കരകവിഞ്ഞൊഴുകാറുണ്ട്. താരതമ്യേന ഉയരംകുറഞ്ഞ ക്ഷേത്രഭൂമിയും ഉപദ്വീപും ഏതാനും മണിക്കൂറുകൾ നേരത്തേക്ക് ഈ വേലിയേറ്റത്തിൽ മുങ്ങിപ്പോവും. വിഗ്രഹമടക്കം ഇങ്ങനെ വെള്ളത്തിനടിയിലാവുന്ന സമയത്ത് വളരെയധികം ഭക്തജനങ്ങൾ അമ്പലം സന്ദർശിച്ച് നെഞ്ചൊപ്പമുള്ള വെള്ളത്തിലൂടെത്തന്നെ നടന്നോ നീന്തിയോ പ്രദക്ഷിണം വെച്ചു തൊഴാറുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ പതിവുള്ള ആറാട്ട്’ എന്ന ചടങ്ങിനു സമാനമായി ഇതിനെ ആളുകൾ കണക്കാക്കുന്നു

ക്ഷേത്രത്തിൽ ഇപ്പോൾ ഉള്ള പുവ്വം’ വൃക്ഷത്തിനുപകരം മുൻപുണ്ടായിരുന്നത് ഒരു താന്നി’ അഥവാ താണിമരമായിരുന്നുവത്രേ. താണി കുടപോലെയാക്കി അതിനുകീഴെ വസിക്കുന്ന ദേവി എന്ന സങ്കൽ‌പ്പത്തിലാണു് ക്ഷേത്രത്തിനു് താണിക്കുട എന്നു പേരു വന്നതെന്നും പിന്നീട് ലോപിച്ച് അതുതന്നെ താണിക്കുടം എന്നായിമാറിയെന്നുമാണു് സ്ഥലവാസികൾ വിശ്വസിച്ചുവരുന്നതു്.


തൃശൂർ നഗരത്തിൽനിന്നും ഏകദേശം പത്തുകിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ദേവീക്ഷേത്രമാണു് മദ്ധ്യകേരളത്തിൽ പൊതുവേ അറിയപ്പെടുന്ന താണിക്കുടം ഭഗവതി ക്ഷേത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ