2017, ജനുവരി 2, തിങ്കളാഴ്‌ച

മഹാ ശിവരാത്രി/Maha Shivarathri/Shiv Ratri


സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപംതുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം. ശിവരാത്രിയുടെ തലേനാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം. വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കുക. അതിനു മുമ്പില്‍ ഒരു നാക്കില വയ്ക്കുക. പൂവ് , അക്ഷതം (നെല്ലും ഉണക്കലരിയും), ചന്ദനം എന്നിവ കൈയില്‍ തൊഴുതുപിടിച്ച് ഓം പിതൃഭ്യോ നമ: എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍ സമര്‍പ്പിക്കണം. ഇത് ഏഴ് തവണ ആവര്‍ത്തിക്കുക. പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തില്‍ കളയുക. പിന്നീടേ അന്ന പാനീയങ്ങള്‍ പാടുള്ളു. ഉച്ചയ്ക്ക് മുമ്പായി ഓം നീലകണ്ഠായ നമ: എന്ന് 212 പ്രാവശ്യം ജപിക്കുക. നാലു മണിയാവുമ്പോള്‍ കുളിച്ച് ഓം
ശശി ശേഖരായ നമ: എന്ന് 336 തവണ ജപിക്കുക. ഓം ശംഭുവേ നമ: എന്ന് 212 പ്രാവശ്യവും ജപിക്കുക. ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യസ്തമയത്തിനു മുമ്പ് ജപിക്കണം.
സന്ധ്യ കഴിഞ്ഞാല്‍ ഓം പാര്‍വ്വതി പ്രിയായേ ത്രൈലോക്യ നാഥായ ഹംഹം നമ:ശിവായ ഹ്രീം ശിവായൈ നമ: എന്ന് 108 പ്രാവശ്യവും ജപിക്കുക. പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം. പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം ധരിക്കുക. പിറ്റേ ദിവസം ശിവരാത്രി ദിവസം ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്‍ത്ഥിക്കുക. വ്രത പുണ്യം സമര്‍പ്പയാമി എന്ന് ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നെ ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തിലേക്ക് കളയുക.

ശിവലിംഗപൂജ

ശിവലിംഗപൂജ ചെയ്യാന്‍ ഏറ്റവും പറ്റിയ ദിവസം ശിവരാത്രിയാണ്. ഇഷ്ട സിദ്ധിയാണ് ശിവരാത്രി ദിവസത്തെ ശിവലിംഗപൂജ കൊണ്ടുള്ള ഫലം. അങ്ങനെ സാധിക്കാത്തവര്‍ക്ക് ഓരോ മാസവും അമാവാസി നാളില്‍ ലിംഗപൂജ നടത്താവുന്നതാണ്. ദാരിദ്ര്യ ശാന്തി, വിദ്യാവിജയം, ശത്രുദോഷം അകറ്റല്‍, ദാമ്പത്യവിജയം, തൊഴില്‍ അഭിവൃദ്ധി, പ്രേമ സാഫല്യം എന്നിവയ്ക്കും മുജ്ജന്‍‌മങ്ങളിലെ പാപം ഇല്ലാതാക്കാനും ശിവലിംഗ പൂജ നല്ലതാണ്. എല്ലാ പാപങ്ങളെയും അത് നശിപ്പിക്കുന്നു. ഇഷ്ടകാര്യം സാധിക്കനമെങ്കില്‍ പനിനീരില്‍ ഭസ്മം കുഴച്ച് ശിവലിംഗം ഉണ്ടാക്കണം. ഇതില്‍ കൂവളത്തിന്‍റെ ഇലകൊണ്ട് അതിരുദ്ര മന്ത്രാവലി ജപിച്ച് അര്‍ച്ചന നടത്തണം. രാവിലെ മേചക വസ്ത്രം (കറുപ്പ്) ധരിച്ചു വേണം ശിവലിംഗ പൂജ നടത്താന്‍. മന്ത്രാവലി എട്ട് തവണയാണ് അര്‍ച്ചനയ്ക്ക് ഉപയോഗിക്കേണ്ടത്. ഇതിനു ശേഷം ഏഴു തവണ ശിവലിംഗത്തെ വലം വച്ച് ഏഴ് തവണ നമസ്കരിക്കണം. പിന്നെ കൂവളത്തില രണ്ട് കൈകളിലും എടുത്ത് ശിവചൈതന്യം ഉധ്വാസയാമി എന്ന് ഉച്ചരിച്ച് ശിവലിംഗത്തില്‍ മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് അവ മണത്ത ശേഷം കളയുക. ശിവലിംഗം ഉണ്ടാക്കാന്‍ ഉപയോഗിച്ച ഭസ്മം സൂക്ഷിച്ചുവച്ച് നിത്യവും ധരിക്കുന്നത് നല്ലതാണ്. ശിവലിംഗ പൂജയ്ക്ക് നെയ് വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. സത്യദോഷ ശാന്തിക്ക് മണ്ണ് കുഴച്ചും ദാരിദ്ര്യ മോചനത്തിന് ഭസ്മം കുഴച്ചും ശിവലിംഗ പൂജ നടത്താം. വിദ്യാ വിജയത്തിന് ചന്ദനവും പനിനീരും ചേര്‍ത്താണ് ലിംഗം ഉണ്ടാക്കേണ്ടത്. പ്രഭാതത്തില്‍ വെളുത്ത വസ്ത്രം ധരിച്ച് നടത്തുന്ന ഈ പൂജയ്ക്ക് മുല്ലപ്പൂവാണ് ഉപയോഗിക്കേണ്ടത്. പ്രേമം, ദാമ്പത്യം എന്നിവയ്ക്ക് വേണ്ടി മഞ്ഞള്‍പ്പൊടി, പനിനീര്‍ എന്നിവ ചേര്‍ത്ത് ശിവലിംഗം ഉണ്ടാക്കണം. ചുവന്ന വസ്ത്രം ധരിച്ച് രാത്രി അര്‍ച്ചന നടത്തണം.

ശ്രീ പരമേശ്വരന് ശിവരാത്രിദിനം ചെയ്യേണ്ട പ്രധാന വഴിപാടുകളില്‍ ചിലതാണ്

മഹാരുദ്രാഭിഷേകം ,ലക്ഷാര്‍ച്ചന,യാമപൂജ ,ദമ്പതിപൂജ തുടങ്ങിയവ... ആദ്ധ്യാത്മികഭൌതിക രോഗ ദുരിതങ്ങളുടെ മോചനത്തിനും ജാതകവശാലുണ്ടാകുന്ന കാലദോഷത്തിനും മറ്റും പരിഹാരമായാണ് മഹാരുദ്രാഭിഷേകം നടത്താറുള്ളത്.  പുഷ്പംകൊണ്ട് ദേവനെ പൂജിച്ച് മന്ത്രാദികളാല്‍ ലക്ഷാര്‍ച്ചന നടത്തിയാല്‍ അഭീഷ്ടസിദ്ധിയുണ്ടാകും. കുടുംബത്തിനും പുത്രകളത്രാധികള്‍ക്കും ക്ഷേമത്തിനും സമൃദ്ധിക്കും ജന്മദുരിതം അകറ്റി മനശാന്തി നേടി ഐക്യത്തോടെ ജീവിതം സമ്പൂര്‍ണ്ണമാക്കുവാന്‍ ഭക്ത്യാദരപൂര്‍വ്വം ചെയ്യുന്ന ഒരു കര്‍മ്മമാണ്‌ ദമ്പതിപൂജ..വിവാഹസങ്കല്‍പ്പത്തില്‍ "ഏക വിംശതികുലോദാരണായ " എന്നാ മന്ത്രത്തില്‍ ഇവര്‍ ഇരുപത്തൊന്നു ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരാകട്ടെ എന്നാണു സങ്കല്പം. ദമ്പതിപൂജയ്ക്ക് ഏറ്റവും ശ്രേഷ്ടമായ സ്ഥലം ശ്രീപരമേശ്വരന്‍ പാര്‍വ്വതി സമേധം കുടികൊള്ളുന്ന ക്ഷേത്രമാണ് ദമ്പതികള്‍ പുതുവസ്ത്രം ധരിക്കുന്നത് ഉത്തമമാണ്

ശിവരാത്രിയുടെ ഐതിഹ്യം

പാലാഴിമഥനത്തില്‍ ലഭിച്ച കാളകൂടവിഷം ലോകര്‍ക്ക് ഭീഷണിയാകാതിരിക്കാന്‍ സാക്ഷാല്‍ പരമേശ്വരന്‍ സ്വയം പാനം ചെയ്യുകയുണ്ടായി. എന്നാല്‍ അത് കണ്ഠത്തില്‍ നിന്നും താഴേക്ക് ഇറങ്ങാതിരിക്കാന്‍ പാര്‍വ്വതീദേവി, ഭഗവാന്‍റെ കണ്ഠത്തിലും എന്നാല്‍ അത് പുറത്തേക്ക് പോകാതിരിക്കാന്‍ മഹാവിഷ്ണു, ഭഗവാന്‍റെ വായ്‌ പൊത്തിപ്പിടിച്ചുവെന്നും അങ്ങനെ കാളകൂടവിഷം പരമേശ്വരന്‍റെ കണ്ഠത്തില്‍ ഇരിക്കുകയും ചെയ്തുവെന്നും അതിനുശേഷം ഭഗവാന് നീലനിറം ലഭിച്ചെന്നും അങ്ങനെ 'നീലകണ്ഠന്‍' എന്ന നാമധേയം ലഭിച്ചെന്നും വിശ്വസിച്ചുവരുന്നു. 

ഭഗവാന്‍ പരമേശ്വരന് ആപത്തും അത്യാപത്തും വരാതിരിക്കാനായി പാര്‍വ്വതീദേവി ഉറക്കമിളച്ച് ഭര്‍ത്താവിനായി പ്രാര്‍ത്ഥിച്ചത് മാഘമാസത്തിലെ (കുംഭമാസം) കറുത്തപക്ഷ ചതുര്‍ദശി തിഥിയിലായിരുന്നുവെന്നും അതാണ്‌ പിന്നെ മഹാശിവരാത്രിയായി ആചരിച്ചുതുടങ്ങിയതെന്നും ഐതിഹ്യം പറയുന്നു.


ശിവപുരാണത്തില്‍ മറ്റൊരു ഐതിഹ്യവും നല്‍കിയിട്ടുണ്ട്:


"നീ ആര്?" എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനായി മഹാവിഷ്ണുവും ബ്രഹ്മാവും തര്‍ക്കവും ഒടുവില്‍ യുദ്ധവുമായി. ബ്രഹ്മാവ്‌, ബ്രഹ്മാസ്ത്രവും അതിനെ തകര്‍ക്കാനായി മഹാവിഷ്ണു പാശുപതാസ്ത്രവും തൊടുത്തുവിട്ടു. ലോകം മുഴുവന്‍ കറങ്ങിനടന്ന പാശുപതാസ്ത്രത്തെ തിരികെയെടുക്കാനോ ഉപസംഹരിക്കാനോ മഹാവിഷ്ണുവിനോ ബ്രഹ്മദേവനോ സാധിച്ചില്ലെന്ന് മാത്രമല്ല അവരും ഭയവിഹ്വലരായി. അപ്പോള്‍ അവിടെ ഉയര്‍ന്നുവന്ന ശിവലിംഗത്തിന്‍റെ രണ്ടറ്റവും കണ്ടെത്താനായി ബ്രഹ്മാവ്‌ മുകളിലേക്കും മഹാവിഷ്ണു താഴേക്കും സഞ്ചരിച്ചെങ്കിലും ഫലമുണ്ടായില്ല. നിരാശരായ ഇരുവരും പൂര്‍വ്വസ്ഥലത്ത് മടങ്ങിയെത്തിയപ്പോള്‍ ഭഗവാന്‍ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ട്, പാശുപതാസ്ത്രത്തെ നിര്‍വീര്യമാക്കിയത് കുംഭമാസത്തിലെ ചതുര്‍ദശി തിഥിയിലാണെന്നും തുടര്‍ന്ന് എല്ലാ വര്‍ഷവും ഇതേ രാത്രിയില്‍ വ്രതമനുഷ്ഠിക്കണമെന്നും അതിനെ ശിവരാത്രിവ്രതം എന്നറിയപ്പെടുമെന്നും ശിവപുരാണത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. 


ശിവരാത്രിവ്രത മാഹാത്മ്യം:
---------------------
ശിവരാത്രിവ്രതം ചിട്ടയോടെ അനുഷ്ഠിക്കുന്നവര്‍ ശിവന്‍റെ വാത്സല്യത്തിന് പാത്രീഭവിക്കുമെന്ന് ഐതിഹ്യങ്ങള്‍ നമുക്ക് പഠിപ്പിച്ചുതരുന്നു. ഒരുദാഹരണം ചുവടെ എഴുതുന്നു:മഹാപാപിയായ സുന്ദരസേനന്‍ (സുകുമാരന്‍) എന്നയാള്‍ 'നാഗേശ്വരം' എന്ന ശിവക്ഷേത്രസന്നിധിയുടെ അടുത്ത് എത്തപ്പെട്ടു. അപ്പോഴവിടെ 'മഹാശിവരാത്രി' ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. യാദൃശ്ചികമായിട്ടായാലും മഹാപാപിയായ സുന്ദരസേനനും ശിവരാത്രി പൂജയില്‍ പങ്കെടുത്തു.

ഏതാനും നാളുകള്‍ക്ക് ശേഷം സുന്ദരസേനന്‍ മരിച്ചു. ആത്മാവിനെ കൊണ്ടുപോകാനായി കാലന്‍റെ ദൂതന്മാരും ശിവന്‍റെ ദൂതന്മാരും യുദ്ധം ചെയ്യേണ്ടിവന്നു. ശിവദൂദന്മാര്‍ വിജയിക്കുകയും അയാളുടെ ആത്മാവിനെ ശിവലോകത്ത് കൊണ്ടുപോകുകയും ചെയ്തു.


ശിവരാത്രിവ്രതം, പൂജ, ആത്മസമര്‍പ്പണം എന്നിവയിലൂടെ ശിവലോകത്ത് എത്താനാകുമെന്ന് ഉദാഹരണസഹിതം അഗ്നിപുരാണം, ശിവപുരാണം എന്നിവ നമുക്ക് പറഞ്ഞുതരുന്നു.

കുംഭമാസത്തിലെ കൃഷ്ണപക്ഷ (കറുത്തപക്ഷം) ചതുര്‍ദ്ദശിതിഥിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്.

ഈ വര്‍ഷത്തെ മഹാശിവരാത്രിക്ക് അതീവപ്രാധാന്യമുണ്ട്. കാരണം, അന്ന് പ്രദോഷവും ആകുന്നു. 

സൂര്യാസ്തമയ സമയത്ത് ത്രയോദശി തിഥി വരികയും എന്നാല്‍ തൊട്ടടുത്ത ദിവസത്തെ സൂര്യോദയത്തില്‍ ത്രയോദശി തിഥി അല്ലാതിരിക്കുകയും ചെയ്താലാണ് പ്രദോഷമായി ആചരിക്കുന്നത്. ഈ വര്‍ഷത്തെ ശിവരാത്രിദിവസം പ്രദോഷമാണ്. കഴിഞ്ഞവര്‍ഷവും ഇങ്ങനെ ലഭിച്ചിരുന്നു. എന്നാല്‍ എല്ലാ ശിവരാത്രിയിലും പ്രദോഷവും ലഭിക്കണമെന്നുമില്ല.


ശിവരാത്രിയുടെ തലേദിവസം വീട് കഴുകി ശുദ്ധിവരുത്തണം. വ്രതാനുഷ്ഠാനം നടത്തുന്നവര്‍ തലേദിവസം രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുഭക്ഷണമാകാം. ഈ വര്‍ഷത്തെ മഹാശിവരാത്രിദിവസം പ്രദോഷവും ആകയാല്‍ തലേദിവസം മുതലുള്ള വ്രതാനുഷ്ഠാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ആകയാല്‍ അന്നുമുതല്‍ ശുദ്ധമായി, ശിവപൂജയും ആരാധനയും സകുടുംബമായി നടത്താവുന്നതാണ്.


ശിവരാത്രി ദിവസം 'ഉപവാസം', 'ഒരിക്കല്‍' എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം പിടിക്കാവുന്നതാണ്. പൊതുവേ ശാരീരികസ്ഥിതി അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' പിടിക്കുകയും അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം പിടിക്കുകയും ചെയ്യാവുന്നതാണ്. 'ഒരിക്കല്‍' പിടിക്കുന്നവര്‍ ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളച്ചോര്‍ 'കാല്‍വയര്‍' മാത്രം ഭക്ഷിക്കണം (വയര്‍ നിറയെ പാടില്ല).


ശിവരാത്രി വ്രതത്തില്‍ പകലോ രാത്രിയോ ഉറക്കം പാടില്ല. ശിവക്ഷേത്രത്തില്‍ ഇരുന്നും, സോമരേഖ (ശിവന്‍റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെയും (അഥവാ പൂര്‍ണ്ണപ്രദക്ഷിണം വയ്ക്കാതെ) അര്‍ദ്ധപ്രദക്ഷിണം വെച്ചും 'നമ:ശിവായ' എന്ന പഞ്ചാക്ഷരീമന്ത്രമോ 'ഓം'കാര സഹിതമായി 'ഓം നമ:ശിവായ' മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ പുസ്തകം നോക്കി വായിക്കാവുന്ന അഷ്ടോത്തരമോ മറ്റ് ഇഷ്ടസ്തോത്രങ്ങളോ യഥാശക്തി ജപിക്കാവുന്നതാണ്.

ശിവസഹസ്രനാമം, ശിവാഷ്ടകം, ശിവനാമാവലി, ശിവപഞ്ചാക്ഷരി സ്തുതി, സദാശിവകീര്‍ത്തനം, ശിവരക്ഷാസ്തോത്രം, ശിവപ്രസാദ പഞ്ചകം, ശിവകീര്‍ത്തനം, ശിവസന്ധ്യാനാമം, നമ:ശിവായ സ്തോത്രം, ദാരിദ്ര്യദഹനസ്തോത്രം എന്നിവയെല്ലാമോ അല്ലെങ്കില്‍ ഇഷ്ടമായവയോ ഭക്തിയോടെ ജപിക്കാവുന്നതാകുന്നു.


ശിവരാത്രിദിവസം ജപിക്കാനുള്ള സ്തോത്രം ചുവടെ എഴുതിയിട്ടുണ്ട്

ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സ്വന്തം വീട്ടിലോ, വിദേശത്ത് ജോലിയുമായി കഴിയുന്നവര്‍ ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീമന്ത്രം ജപിച്ച് വ്രതം പിടിക്കാവുന്നതാണ്.

അര്‍പ്പണമനോഭാവം എന്നത്, എല്ലാത്തിലും വലുതാകുന്നു.

വൈകിട്ട് ക്ഷേത്രത്തില്‍ ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. ശിവരാത്രിവ്രതം അനുഷ്ഠാനമായി ആചരിക്കുന്ന പ്രമുഖ ശിവക്ഷേത്രങ്ങളിലും (കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ മരുതൂര്‍ക്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ അതീവ വ്രതശുദ്ധിയോടെയുള്ള ശിവരാത്രിവ്രതവും പൂജകളും നടത്തിവരുന്നുണ്ട്) രാത്രി പ്രത്യേക അന്നദാനം നടത്താറുണ്ട്. ഭക്തര്‍ക്കായി മിക്ക ശിവക്ഷേത്രങ്ങളിലും അന്ന് രാത്രി പ്രത്യേക അന്നദാനവും നടത്തിവരുന്നു.

ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പിന്നെ ഉറക്കവുമാകാം. ചിലരുടെ തെറ്റിദ്ധാരണമൂലം അന്ന് പകലും ഉറക്കമൊഴിയാറുണ്ട്. എന്നാല്‍ അതിന്‍റെ ആവശ്യമില്ല. അങ്ങനെയൊരു ആചാരവുമില്ല. ശിവരാത്രി കഴിഞ്ഞാല്‍ പിന്നെ ഉറക്കമിളക്കേണ്ട കാര്യമില്ലല്ലോ...

പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി പിടിക്കുന്ന മഹാശിവരാത്രി വ്രതം അവരവര്‍ക്കും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സിന് അത്യുത്തമവും ആകുന്നു. പാപങ്ങള്‍ നീങ്ങുന്നതിനും സര്‍വ്വാഭീഷ്ടസിദ്ധിക്കും ശിവരാത്രിവ്രതം വളരെ ഫലപ്രദമാണ്.

ശിവരാത്രി ദിവസം പിതൃപ്രീതിക്കായി ബലിതര്‍പ്പണം അത്യുത്തമം ആകുന്നു. കര്‍ക്കിടകവാവ് ബലി, ശിവരാത്രി ബലി എന്നിവ പിതൃപ്രീതിക്കായി മുടങ്ങാതെ ചെയ്യുന്ന നിരവധി ആളുകളുണ്ട്.


ശിവരാത്രി ദിവസം വൈകിട്ട് മിക്ക ശിവക്ഷേത്രങ്ങളിലും പുരുഷന്മാര്‍ ശയനപ്രദക്ഷിണവും സ്ത്രീകള്‍ കാലടിവെച്ചുള്ള (പാദപ്രദക്ഷിണം) പ്രദക്ഷിണവും നടത്താറുണ്ട്‌.


ശിവരാത്രി വ്രതത്തില്‍ ജപിക്കാനുള്ള സ്തോത്രം:
---------------------------


ആവാഹിച്ചീടുന്നേന്‍ ഞാന്‍ ഭുക്തി, മുക്തികള്‍ നിത്യം

കൈവരുത്തീടുന്നൊരുശംഭുവെ ഭക്തിയോടെ,
നരകപ്പെരുങ്കടല്‍ക്കക്കരെ കടക്കുവാന്‍
തരണിയായുള്ളൊരു ശിവനെ! നമസ്ക്കാരം.

ശിവനായ് ശാന്താത്മാവായ് സുപ്രജാ രാജ്യാദിക-
ളരുളും മഹാദേവന്നായിതാ നമസ്ക്കാരം!

സൗഭാഗ്യാരോഗ്യവിദ്യാ വൈദുഷ്യവിത്തസ്വര്‍ഗ്ഗ-
സൗഖ്യങ്ങളരുളീടും ശിവന്നു നമസ്ക്കാരം!

ധര്‍മ്മത്തെത്തരേണമേ, ധനത്തെത്തരേണമേ,
നിര്‍മ്മലമൂര്‍ത്തേ! കാമഭോഗങ്ങള്‍ നല്‍കേണമേ!

ഗുണവും സല്‍ക്കീര്‍ത്തിയും സുഖവും നല്‍കേണമേ!
ഗുണവാരിധേ! സ്വര്‍ഗ്ഗമോക്ഷങ്ങള്‍ നല്‍കേണമേ! 

(അഗ്നിപുരാണത്തില്‍ പറഞ്ഞിരിക്കുന്ന ഈ സ്തോത്രം ഭക്തിയോടെ, കഴിയുന്നത്ര ജപിക്കണം)

ഏവര്‍ക്കും ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്‍റെ മഹാശിവരാത്രി ആശംസകള്‍....


അനിൽ വെളിച്ചപ്പാട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ