/*Popads script*/ Proud To Be A Hindu: മാളികപ്പുറത്തമ്മ / Sabarimala Malikappurathamma Devi Mathavu

2017, മാർച്ച് 23, വ്യാഴാഴ്‌ച

മാളികപ്പുറത്തമ്മ / Sabarimala Malikappurathamma Devi Mathavu



ശബരിമലയില്‍ അയ്യപ്പസ്വാമിക്കു തുല്യ പ്രാധാന്യം മാളികപ്പുറത്തമ്മയ്ക്കും ഉണ്ട്. മനോഹരമായ മാളികയുടെആകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ആലയത്തില്‍ കുടികൊള്ളുന്നവളായതിനാല്‍; മാളികമുകളില്‍ ഇരിക്കുന്നവളായതിനാല്‍ ദേവിക്ക് മാളികപ്പുറത്തമ്മ എന്നു പേരുലഭിച്ചു.
ത്രിമൂര്‍ത്തികളുടെ(ബ്രഹ്മാവിഷ്ണുമഹേശ്വരന്‍മാരുടെ) അംശം ഒന്നുചേര്‍ന്ന് അത്രിമഹര്‍ഷിയുടേയും അനസൂയയുടേയും പുത്രനായദത്താത്രേയനായും ത്രിദേവിമാരുടെ (വാണീലക്ഷ്മീപാര്‍വതിമാരുടെ)  അംശങ്ങള്‍ ഒന്നുചേര്‍ന്ന് ഗാലവമഹര്‍ഷിയുടെ പുത്രിയായ ലീലയായും പിറന്നു.

ദത്താത്രേയനും ലീലയുമായുള്ള വിവാഹവും ദത്തശാപത്താല്‍ ലീല മഹിഷിയായിമാറുന്നതും പന്തളകുമാരനായ മണികണ്ഠന്‍ മഹിഷിക്കു ശാപമോക്ഷം നല്‍കുന്നതുമെല്ലാം ഭൂതനാഥോപാഖ്യാനത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. അഹങ്കാരമെല്ലാമൊഴിഞ്ഞു
തന്നെ സമാശ്രയിച്ച മഹിഷിയുടെശരീരത്തില്‍ കരുണാമയനായ ഭൂതനാഥന്‍ തന്റെ തൃക്കരങ്ങളാല്‍ അലിവോടെ തലോടി. അതോടെ ദത്തശാപത്താല്‍ മഹിഷീരൂപം പൂണ്ട ആ ശരീരത്തില്‍നിന്നും വന്ദ്യയും സുന്ദരിയുമായ ഒരു കന്യകാരത്‌നം ഉത്ഭവിച്ചു.

ദിവ്യമായ ആഭരണങ്ങളും സുരഭിലമായ അംഗരാഗങ്ങളും  മനോഹരമായ ഉടയാടകളും അണിഞ്ഞ ആ കന്യക അനേകം ദിവ്യനാരിമാരോടൊരുമിച്ച് വിമാനത്തില്‍ ശോഭിച്ചു. ദേവവൃന്ദങ്ങളാല്‍പോലും വന്ദിക്കപ്പെട്ടവളായ ആ ദേവിമണികണ്ഠസ്വാമിയോടു പറഞ്ഞു: ഭഗവാനേ, അങ്ങയുടെകൃപയാല്‍ എനിക്കു ശാപമോക്ഷം ലഭിച്ചു. അങ്ങയുടെ ശക്തിയായിത്തന്നെ ഞാന്‍ വര്‍ത്തിക്കുന്നതാണ്. കൃപാനിധിയായ ഭൂതനാഥന്‍ മന്ദംദേവിയോടു പറഞ്ഞു: നിര്‍മ്മലയായ ഭവതി എന്റെ ശക്തിതന്നെയാണ്.

എന്നിരിക്കിലും ഈ ജന്‍മം എനിക്ക് ബ്രഹ്മചാരിത്വം കൈവെടിയാനാവില്ല. അതിനാല്‍ എന്റെ സഹജയായി(സഹോദരിയായി) മഞ്ജമാതാവെന്ന ധന്യമായ നാമത്തോടെ,ദേവപൂജിതയായി, ഭവതി ഞാന്‍ കുടികൊള്ളുന്നതിന്റെ അല്‍പംദൂരെ ഇടതു ഭാഗത്തായി വസിച്ചാലും. ഭഗവാന്‍ ഇങ്ങനെ പറഞ്ഞുകഴിഞ്ഞപ്പോള്‍ ആ നിര്‍ദ്ദേശം സ്വീകരിച്ച് മഞ്ജമാതാവ് അപ്രത്യക്ഷയായി എന്ന് ഭൂതനാഥോപാഖ്യാനം ആറാം അദ്ധ്യായത്തില്‍ പറയുന്നു.

ശബരിമലക്ഷേത്രം നിര്‍മ്മിക്കേണ്ടവിധം മണികണ്ഠന്‍ പന്തളരാജാവിനു പറഞ്ഞുകൊടുക്കുന്ന സന്ദര്‍ഭത്തില്‍ പറയുന്നു: ലീലാസ്വരൂപിണിയായ മഞ്ജാംബികയ്ക്ക് ഒരുമാളിക എന്റെ വാമഭാഗത്തായി നിര്‍മ്മിക്കണം'(ഭൂതനാഥോപാഖ്യാനം പത്താം അദ്ധ്യായം).സ്വാമി നിര്‍ദ്ദേശമനുസരിച്ച്ഭൂതനാഥന്റെ ആലയത്തിന്റെ ഇടതുഭാഗത്ത് മഞ്ജമാതാവിനുള്ള ആലയവും മഹാരാജാവ് പണികഴിപ്പിച്ചു. ശബരിമലയില്‍ ഭൂതനാഥ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണ്. അഗസ്ത്യമഹര്‍ഷിയും പന്തളരാജാവും സാലപുരസ്ഥിതനായആചാര്യനും (താഴമണ്‍) അതിനു സാക്ഷികളായി. തുടര്‍ന്ന് മഞ്്ജാംബികയുടെ വിഗ്രഹം ആചാര്യന്‍ പ്രതിഷ്ഠിച്ചു. അഗസ്ത്യഭാര്‍ഗ്ഗവരാമാദികള്‍ അതിനു സാക്ഷ്യംവഹിച്ചു എന്ന് ഭൂതനാഥോപാഖ്യാനം പതിനഞ്ചാം അദ്ധ്യായത്തില്‍ പറയുന്നു.

ഭൂതനാഥന്റെ സഹജ എന്ന സ്ഥാനമാണു മാളികപ്പുറത്തമ്മയ്ക്ക് എന്നു ഭൂതനാഥോപാഖ്യാനത്തില്‍ പറയുന്നു. തന്റെ ചിഛക്തിയാണ് മഞ്ജാംബികഎന്ന് ഭൂതനാഥന്‍ സൂചിപ്പിക്കുന്നുമുണ്ട്. അയ്യപ്പനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ഇച്ഛിച്ച കന്യക എന്നാണു ഭക്തരുടെ മനസ്സില്‍ മാളികപ്പുറത്തമ്മയ്ക്ക് ഇന്നുള്ള സ്ഥാനം. ഒരു കന്നി അയ്യപ്പന്‍പോലുംതന്നെ കാണാനായി ശബരിമലയില്‍ വരാത്ത ഒരുവര്‍ഷം ഉണ്ടായാല്‍ അന്നു ദേവിയെ വിവാഹംചെയ്തുകൊള്ളാം എന്നാണു അയ്യപ്പന്റെ വാഗ്ദാനം എന്നും ഭക്തര്‍ വിശ്വസിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മകരവിളക്കിന് മാളികപ്പുറത്തമ്മയുടെ ശരംകുത്തിയിലേക്കുള്ള ആഘോഷപൂര്‍വമായ എഴുന്നള്ളത്തും കന്നി അയ്യപ്പന്‍മാരുടെ ശരങ്ങള്‍ കണ്ട് നിരാശയായുള്ള മടക്കവും.

അയ്യപ്പനെ പ്രണയിച്ച കന്യകയാണു മാളികപ്പുറത്തമ്മ എന്നുസൂചിപ്പിക്കുന്ന ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. അയ്യപ്പനെ ആയുധവിദ്യ അഭ്യസിപ്പിച്ച ചീരപ്പന്‍ചിറയിലെ ഗുരുനാഥന്റെ പുത്രിയായ ലീലയാണു മാളികപ്പുറത്തമ്മ എന്ന് ഒരു കഥ. അയ്യപ്പനില്‍ അനുരക്തയായ ലീലയെ തന്റെ ബ്രഹ്മചര്യനിഷ്ഠയേക്കുറിച്ച് അയ്യപ്പന്‍ അറിയിച്ചു. എന്നാല്‍ തന്റെആഗ്രഹം നിറവേറുന്നതുവരെ തപസ്വിനിയായി കഴിഞ്ഞുകൊള്ളാം എന്ന് ലീലതീരുമാനിച്ചുവെന്നും പില്‍ക്കാലത്ത് ശബരിമലയില്‍ അയ്യപ്പനു സമീപം ഒരുമാളിക തീര്‍ത്ത് അവിടെ തപസ്സുചെയ്തുവെന്നും പറയപ്പെടുന്നു.

മാളികപ്പുറത്തമ്മ യഥാര്‍ത്ഥത്തില്‍ സാക്ഷാല്‍ ലളിതാ ത്രിപുരസുന്ദരിതന്നെയാണ് എന്നുകരുതാം. ഭൂതനാഥോപാഖ്യാനത്തില്‍ മഞ്ജമാതാവ് എന്നുവിശേഷിപ്പിക്കപ്പെടുന്ന ദേവിയെ മഞ്ജാംബിക എന്നും മഞ്ചാംബിക എന്നുംവിളിക്കുന്നു. മഞ്ജാംബിക എന്നാല്‍ മഞ്ജാ(പൂങ്കുല) ധരിച്ച അംബികയെന്നും മഞ്ചാംബിക എന്നാല്‍ മഞ്ചത്തില്‍ (മേടയില്‍, മാളികയില്‍) ഇരിക്കുന്ന അംബികയെന്നും അര്‍ത്ഥം. പൂങ്കുല ധരിക്കുന്നവളും മഞ്ചത്തില്‍ ഇരിക്കുന്നവളുമായ ദേവി ലളിതാംബികയാണ്.

മഞ്ചത്തിന് കട്ടില്‍, മേട, മാടം, തട്ട്, മെത്ത, സിംഹാസനം എന്നിങ്ങനെയെല്ലാം അര്‍ത്ഥമുണ്ട്.  മുളകൊണ്ട് താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന ഏറുമാടങ്ങള്‍ മഞ്ചമണ്ഡപം എന്നറിയപ്പെടുന്നു. ലളിതാദേവിയുടെ പഞ്ചബ്രഹ്മാസനമാണ് മാളികകൊണ്ട് പ്രതീകവത്കരിക്കപ്പെടുന്നത്. ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍ എന്നീ നാലുകാലുകളോടും സദാശിവന്‍ എന്ന മെത്തയോടുംകൂടിയതാണു ദേവിയുടെ മഞ്ചം. ചലിക്കാത്ത നാലുകാലുകളായി ദേവകളെ ചിത്രീകരിക്കുന്നു. ചലനാത്മികയും പ്രകൃതിയുമായ ദേവിയെ  വഹിക്കാന്‍ നിശ്ചലരായി ദേവകള്‍ ഇളകിയാടാത്ത കാലുകളായി വര്‍ത്തിക്കുന്നു.

ലളിതാപുത്രനാണു ശാസ്താവ് എന്ന സങ്കല്‍പ്പവും ശ്രീവിദ്യാ ഉപാസനാക്രമങ്ങളില്‍ ശാസ്താവിന്റെ സാന്നിധ്യവും ശബരിമലയിലെ മാളികപ്പുറത്തമ്മ ലളിതാദേവിയാകാനുള്ള സാധ്യതകളിലേക്കാണു വിരല്‍ചൂണ്ടുന്നത്. പാണ്ഡ്യപാരമ്പര്യമുള്ള പന്തളരാജാവിന്റെ കുലപരദേവതയായ മധുര മീനാക്ഷീദേവിയാണു മാളികപ്പുറത്തമ്മ എന്നും കരുതപ്പെടുന്നു.


അയ്യപ്പഭക്തന്‍മാരുടെ ദൃഢഭക്തിക്ക് ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കുന്നവളാണു മാളികപ്പുറത്തമ്മ. ശംഖ്, ചക്രം, അഭയവരദമുദ്രകള്‍ എന്നിവ ധരിച്ചവളായി മാളികപ്പുറത്തമ്മ ഭക്തര്‍ക്ക ്ദര്‍ശനമരുളുന്നു. അഗ്നിബാധയ്ക്കുശേഷം ശബരിമലക്ഷേത്രം പുനര്‍നിര്‍മ്മിച്ചപ്പോള്‍ ബ്രഹ്മശ്രീ കണ്‍ഠരരു മഹേശ്വരരു തന്ത്രികളാണു മാളികപ്പുറത്തമ്മയുടെ വിഗ്രഹം പുനഃപ്രതിഷ്ഠിച്ചത്. മാളികപ്പുറത്തമ്മയ്ക്കുള്ള മുഖ്യവഴിപാട് ഭഗവതിസേവയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ