2017, മാർച്ച് 20, തിങ്കളാഴ്‌ച

നാഗ പഞ്ചമി / Naga Panchami Naga Panjami


ശ്രാവണമാസത്തിലെ (കര്‍ക്കടകമാസം) ശുക്ലപക്ഷത്തില്‍ വരുന്ന പഞ്ചമിയാണ് നാഗപഞ്ചമി. ആസ്തികമുനി നാഗരക്ഷചെയ്തത് നാഗപഞ്ചമിക്കാണെന്നും അന്ന് പൂജ നടത്തിയാല്‍ നാഗങ്ങള്‍ അത്യധികം ആഹ്ലാദിക്കുമെന്നും പുരാണങ്ങള്‍ പറയുന്നു. കാളിയ സര്‍പ്പത്തിനു മേല്‍ ശ്രീകൃഷ്ണന്‍ നേടിയ വിജയത്തിന്റെ അനുസ്മരണമായും ഈ ദിനം കൊണ്ടാടുന്നു. നാഗങ്ങള്‍ക്ക്‌ അബദ്ധത്തില്‍ മുറിവേറ്റാലോ എന്ന് കരുതി കൃഷിപണി ചെയ്യാതെയാണ് വടക്കേ ഇന്ത്യക്കാര്‍ നാഗപഞ്ചമി വ്രതം നോക്കുന്നത്. സര്‍പ്പപ്രീതിക്കുവേണ്ടി ഇന്നേ ദിവസം നാഗങ്ങളെ പൂജിക്കുന്നു. സര്‍പ്പകളമെഴുതിയും, പാട്ടുപാടിയും ഊഞ്ഞാലാടിയും ഈ ഉത്സവം ആഘോഷിക്കും. പൂര്‍ണ്ണമായും ഉപവസിച്ച് നാഗ തീര്‍ത്ഥത്തിലോ, നദികളിലോ സ്നാനം ചെയ്ത് നാഗങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന മാളങ്ങള്‍ക്ക് മുന്നില്‍ നൂറും പാലും സമര്‍പ്പിക്കുന്നു. പഞ്ചമി ദിവസം നാഗങ്ങളെ പാലില്‍ കുളിപ്പിക്കുന്നവര്‍ക്ക് അഷ്ടനാഗങ്ങളുടെ അനുഗ്രഹവും ഐശ്വര്യവും കരഗതമാകും. നാഗപഞ്ചമി ദിവസം
പാലഭിഷേകം, പാല്‍നിവേദ്യം എന്നിവ നടത്തിവരുന്ന ഗൃഹങ്ങളില്‍ സര്‍പ്പഭയമുണ്ടാവില്ല.

ശാപങ്ങളിലും ദോഷങ്ങളിലും വച്ച് ഏറ്റവും വലുതാണ് സര്‍പ്പദോഷം എന്നാണ് വിശ്വാസം. രാഹുവിന്‍റെ ദേവതയായാണ് സര്‍പ്പങ്ങളെ സങ്കല്‍പ്പിക്കുന്നത്. ജാതകത്തില്‍ രാഹു അനിഷ്ടസ്ഥിതിയിലാണെങ്കില്‍ സര്‍പ്പാരാധന ഒഴിച്ചുകൂടാനാവില്ല എന്നാണ് ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായം.

സര്‍പ്പങ്ങളും നാഗങ്ങളും ഒന്നു തന്നെയാണോ എന്ന സംശയം സാധാരണമാണ്. കാവും കുളവും സര്‍പ്പാരാധനയുടെ ഭാഗമാണ്. നാഗാരാധനയ്ക്ക് വേദകാലത്തോളം പഴക്കമുണ്ടെന്നും കരുതുന്നു.

നാഗങ്ങളും സര്‍പ്പങ്ങളും രണ്ടാണ് എന്നാണ് ആചാര്യമതം. നാഗങ്ങള്‍ സര്‍പ്പങ്ങളുടെ രാജാക്കന്‍‌മാരാണെന്നും വിശ്വാസമുണ്ട്. നാഗങ്ങള്‍ക്ക് ഒന്നിലധികം ഫണങ്ങള്‍ ഉണ്ട് എന്നും വിഷമില്ല എന്നും വിശ്വസിക്കപ്പെടുന്നു.

രാഹുവിന്‍റെ അനിഷ്ട സ്ഥിതിയില്‍ കാവുകളില്‍ വിളക്ക് വയ്ക്കുക, നൂറുംപാലും നടത്തുക, സര്‍പ്പം പാട്ട് നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. രാഹുവിന്‍റെ സ്ഥാനവും പരിഹാരവും താഴെ കൊടുത്തിരിക്കുന്നു.

മിഥുനം, കന്നി, ധനു, മീനം - അനന്തനെ ഭജിക്കണം.
മേടം,ചിങ്ങം, മകരം, കുംഭം - വാസുകിയെ പ്രീതിപ്പെടുത്തണം.
ഇടവം, കര്‍ക്കിടകം, തുലാം - നാഗയക്ഷിയെ പ്രീതിപ്പെടുത്തണം.
ലഗ്നത്തിലാണെങ്കില്‍ നാഗരാജാവിനും നാഗയക്ഷിക്കും ഇളനീര്‍ അഭിഷേകം നടത്തണം.
ആറ്, പത്ത്, എട്ട് എന്നീ രാശികളിലാണെങ്കില്‍ സര്‍പ്പബലി.
ഏഴ്, പന്ത്രണ്ട് എന്നീ രാശികളിലാണെങ്കില്‍ പാട്ടും തുള്ളലും.
നാലില്‍ ആണെങ്കില്‍ സര്‍പ്പരൂപം സമര്‍പ്പിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ