ശ്രീകൃഷ്‌ണന്റെ പ്രിയപ്പെട്ട ഭക്‌തനായിരുന്നു പൂന്താനം. സന്താനങ്ങള്‍ ഇല്ലാത്ത ദുഃഖം അദ്ദേഹം അനുഭവിച്ചിരുന്നു. കഴിഞ്ഞ ജന്മങ്ങളിലെ പാപ ഫലങ്ങളാണ് പുത്ര ദുഃഖത്തിന് കാരണമെന്ന് ഭഗവാന്‍ തന്നെ ഒരു സന്ദര്‍ഭത്തില്‍ പൂന്താനത്തിനോട് പറയുന്നുണ്ട്.
അനുഭവിക്കാനുള്ള
കര്‍മ്മഫലങ്ങള്‍ അനുഭവിച്ചശേഷം പുത്രകളത്രാദികള്‍ ഭഗവാന്റെ അനുഗ്രഹത്താല്‍
പൂന്താനത്തിനുണ്ടായി. അങ്ങനെ അദ്ദേഹം വംശം നിലനിര്‍ത്തി. അതിനുശേഷമാണ് അദ്ദേഹം
ഭഗവദ് പാദങ്ങളില്‍ സായൂജ്യമടഞ്ഞത്.
പൂന്താനത്തിന്റെ
അന്തര്‍ജ്‌ജനം ഇരട്ടക്കുട്ടികളെ പ്രസവിച്ചു. കഴിഞ്ഞ ജന്മത്തെ കടബാധ്യത തീര്‍ക്കാന്‍
ജന്മമെടുത്ത ആ ശിശുക്കള്‍ ജന്മലക്ഷ്യം നിറവേറ്റി പത്തുവയസ്സ് തികയുന്നതിന്
മുമ്പ് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു.
ദുഃഖിതരായ
പൂന്താനവും അന്തര്‍ജ്‌ജനവും ശ്രീകൃഷ്‌ണഭജനവുമായി കാലം കഴിച്ചുകൂട്ടി. കുറേക്കാലം
കഴിഞ്ഞ് അന്തര്‍ജ്‌ജനം വീണ്ടും ഗര്‍ഭിണിയാവുകയും ശുഭമുഹൂര്‍ത്തത്തില്‍ സുന്ദരനായ
ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്‌തു.
പക്ഷേ, ഒരു വയസ്സ്
ആകുന്നതിന് മുമ്പ് ഭഗവാന്‍
ആ കുഞ്ഞിനെ തിരിച്ചു വിളിച്ചു. പൂന്താനത്തിന്റെ ദുഃഖം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ആ കുഞ്ഞിനെ തിരിച്ചു വിളിച്ചു. പൂന്താനത്തിന്റെ ദുഃഖം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
പൂജാമുറിയില്‍
സദാസമയവും പൂന്താനം കഴിച്ചുകൂട്ടി. അന്തര്‍ജ്‌ജനം പുത്രദുഃഖത്താല്‍ വിവശയായി.
ദുഃഖിതനായിരിക്കുന്ന പൂന്താനത്തിന് മുമ്പില്‍ ഒരു ദിവസം ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്
പറഞ്ഞു.
''കര്‍മ്മയോഗമാണ്; അനുഭവിച്ച് തീര്‍ക്കണം.'' തൊഴുകൈകളോടെ പൂന്താനം ചോദിച്ചു: ''എന്തേ, എനിക്കു മാത്രം
ഒരു ഉണ്ണിയെ തന്നില്ല ഭഗവാനേ?''. ഭഗവാന്‍ പൂന്താനത്തെ ആശ്വസിപ്പിച്ചു.
''പൂന്താനം, ഞാന്‍ സദാസമയവും അങ്ങയോടൊപ്പം ഉണ്ടല്ലോ. എന്നെ മകനായി കണ്ടുകൊള്ളുക.'' ഭഗവാന്റെ ഈ
വിധമുള്ള വാക്കുകള്‍ കേട്ടപ്പോള്‍ പൂന്താനം ഭക്‌തികൊണ്ടും, വാത്സല്യംകൊണ്ടും
ആഹ്‌ളാദവാനായി.
പുത്രദുഃഖം
മറന്ന് പൂന്താനം വീണ്ടും കീര്‍ത്തനങ്ങള്‍ രചിച്ചുതുടങ്ങി. ''ജ്‌ഞാനപ്പാന''യുടെ രചന
തുടങ്ങിയത് ഈ സന്ദര്‍ഭത്തിലായിരുന്നു. പിന്നീട് സന്താനഗോപാലം അദ്ദേഹം രചിച്ചു.
ഇങ്ങനെ വളരെയധികം കീര്‍ത്തനങ്ങള്‍ എഴുതി ഭക്‌തിയുടെ ലഹരിയില്‍ മതിമറന്നു.
ഒരു ദിവസം അന്തര്‍ജ്‌ജനം
തന്റെ ആഗ്രഹം പൂന്താനത്തിനോട് പറഞ്ഞു: നമ്മുടെ ഇല്ലത്ത് അങ്ങ് 'ഭാഗവത പാരായണം' നടത്തണം. ഈ
ദേശക്കാരും ഭഗവാന്റെ കഥകള്‍ ആസ്വദിക്കട്ടെ.
ഭാഗവത സപ്‌താഹം
നടത്താന്‍ പൂന്താനം ഒന്ന് മടിച്ചു. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന സപ്‌താഹം
നടത്താന്‍ ചെലവിനായി പൂന്താനത്തിന്റെ കൈയില്‍ ഒന്നുമില്ലായിരുന്നു. ദിവസവും
പാരായണം കഴിഞ്ഞാല്‍ സദസ്യര്‍ക്ക് അന്നദാനം നടത്തണം.
പൂന്താനത്തിന്റെ
മനസ്സ് വായിച്ചറിഞ്ഞ അന്തര്‍ജ്‌ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''സപ്‌താഹം
നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച് വ്യാകുലപ്പെടണ്ടാ. ഭഗവാന്‍ എല്ലാം
നടത്തിത്തരും.'' അങ്ങനെ നല്ല ഒരു ദിവസം നിശ്‌ചയിച്ച് പൂന്താനം ഭാഗവത പാരായണം ആരംഭിച്ചു.
സപ്‌താഹവായന കേള്‍ക്കാന്‍
ദേശക്കാര്‍ ഇല്ലത്തേക്ക് വന്നുകൊണ്ടിരുന്നു. ഭഗവാന്റെ ലീലകള്‍ കേട്ട് അവര്‍
നിര്‍വൃതിയടഞ്ഞു. പൂന്താനമാകട്ടെ, വായന തുടങ്ങി അവസാനിക്കുന്നതുവരെ ഭഗവാന്റെ രൂപം മാത്രമേ
മനസ്സില്‍ കണ്ടിരുന്നുള്ളൂ.
എല്ലാ ദിവസവും
ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജ്‌ജനം എല്ലാവര്‍ക്കും മൃഷ്‌ടാന്ന
ഭോജനം നല്‍കി സംതൃപ്‌തരാക്കി. ഏഴാം ദിവസം വായന സമാപിച്ചു.
സമയമായിട്ടും
ആഹാരം വിളമ്പാന്‍ അന്തര്‍ജ്‌ജനം എത്തിയില്ല. പൂന്താനം അടുക്കളയില്‍ ചെന്നു.
അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. അന്തര്‍ജ്‌ജനത്തെ അന്വേഷിച്ച് അദ്ദേഹം
പൂജാമുറിയിലെത്തി. ഭഗവാന്റെ മുമ്പില്‍ ധ്യാനത്തിലിരിക്കുന്ന അവരെ പൂന്താനം
വിളിച്ചു. നിറഞ്ഞ കണ്ണുകളോടെ അന്തര്‍ജ്‌ജനം പറഞ്ഞു.
''ഇന്ന് ഇല്ലത്ത് ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല.'' അന്തര്‍ജ്‌ജനം
പറയുന്നതുകേട്ട് പൂന്താനം ഭഗവാന് മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. ''ഭഗവാനേ എന്തൊരു
പരീക്ഷണമാണ്.'' ഇങ്ങനെ കരഞ്ഞ് ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക് വായന കേള്‍ക്കാനെത്തിയ
ഒരു നമ്പൂതിരി വന്നു.
''പൂന്താനം, വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. ഇലയിട്ട് ഭക്ഷണവും തയ്യാറായി.'' ധൃതിയില്‍
പൂന്താനവും അന്തര്‍ജ്‌ജനവും മുറ്റത്തെ പന്തലില്‍ വന്നുനോക്കി. വിഭവങ്ങള്‍
സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു.
സുന്ദരിയായ ഒരു
യുവതിയും സുന്ദരനായ ഒരു യുവാവും എല്ലാവര്‍ക്കും ഭക്ഷണം വിളമ്പുന്നു. ഇവരെ ഇതിന്
മുമ്പ് കണ്ടിട്ടില്ലല്ലോ. പൂന്താനം ആലോചിച്ചു.
വായനയുടെ
തിരക്കിനിടയില്‍ തന്റെ ശ്രദ്ധയില്‍പ്പെടാത്തവരായിരിക്കാം. അങ്ങനെ അവസാന ദിവസത്തെ
സദ്യ കേമമായി നടന്നു. പൂന്താനത്തിനും ഭാര്യയ്‌ക്കും സംതൃപ്‌തി തോന്നി.
അന്ന് രാത്രി
ഉറക്കത്തില്‍ പൂന്താനം ഒരു സ്വപ്‌നം കണ്ടു. മഹാവിഷ്‌ണു, ലക്ഷ്‌മീ സമേതനായി പൂന്താനത്തിനരികെ വന്നു.
ഭഗവാന്‍ പറഞ്ഞു: ''പൂന്താനം, ഭാഗവത പാരായണം അസ്സലായിരിക്കുന്നു. എന്റെ കഥകളും ലീലകളും
സദസ്യര്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും
പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന് സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു.''
കാലം
കടന്നുപോയി. പൂന്താനത്തിന് സന്താനങ്ങള്‍ വീണ്ടും ഉണ്ടായി. പുത്രകളത്രാദികളോടെ
പൂന്താനം വളരെക്കാലം ജീവിച്ചു. ലക്ഷ്‌മീകടാക്ഷത്താല്‍ സമ്പല്‍സമൃദ്ധമായിത്തന്നെ
ഇല്ലത്തുള്ളവര്‍ ജീവിച്ചു. പൂന്താനത്തിന്റെ വംശം നിലനിന്നു.
അന്തര്‍ജ്‌ജനത്തിന്റെ
ദേഹവിയോഗം കഴിഞ്ഞ് പൂന്താനം അധികകാലം ഇരുന്നില്ല. ഭഗവാന്‍ തന്നെ സ്വര്‍ണ്ണരഥവുമായ്
വന്ന് പൂന്താനത്തെ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഭാഗവത സപ്‌താഹം
ഭക്‌തിക്ക് മാത്രമല്ല നമ്മുടെ വംശത്തിനു തന്നെ ശ്രേയസ്സ്‌ക്കരമാണെന്ന് പൂന്താനം
നമ്മെ പഠിപ്പിച്ചു. ഭാഗവതം ശുദ്ധമനസ്സോടെ, ഉറച്ച ഭക്‌തിയോടെ പാരായണം ചെയ്‌താല്‍ നമ്മുടെ
ജീവിതം ഐശ്വര്യ സമ്പൂര്‍ണ്ണമായിത്തീരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ