2017, മാർച്ച് 22, ബുധനാഴ്‌ച

ഗുരുവായൂർ മാഹാത്മ്യം : മഞ്ജുളാൽ / Guruvayur Mahathmyam Manjulaal


പരമഭക്തയും സാത്വികയുമായ ഒരു പെൺകുട്ടിയായിരുന്നു മഞ്ജുള.
ആ വാരസ്യാർ ബാലിക നിത്യേന ഗുരുവായൂരപ്പന് ചാർത്താനായി ഒരു മാല കെട്ടി നടക്കൽ വക്കുക പതിവായിരുന്നു. യാദൃശ്ചികമായി  ഒരു ദിവസം മാല കെട്ടിക്കൊണ്ടു വരാൻ അല്പം വൈകി. മാലയുമായി എത്തിയപ്പോഴേക്കും  നട അടച്ചിരുന്നു. കലശലായ നൈരാശ്യത്തോടെ മാലയും കൈയ്യിലേന്തിക്കൊണ്ടു ആ ബാലിക വാവിട്ടു കരഞ്ഞു.  മഞ്ജുളയുടെ മനോവേദനകണ്ടു  കൃപാർദ്രനനായ പൂന്താനം അവളോട് പറഞ്ഞു 

"കുട്ടി ഒട്ടും വിഷമിക്കേണ്ട ഗുരുവായൂരപ്പൻ  സർവ്വ വ്യാപിയാണ്. ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഈ മാല  മഞ്ജുളാലിൻറെ ചുവട്ടിലുള്ള കല്ലിൽ ചാർത്തിക്കൊള്ളൂ "

പരാമഭക്തനായ പൂന്താനത്തിൻറെ  നിർദ്ദേശത്തെ  അവൾ വിശ്വസിച്ചു. ആ മാല  മഞ്ജുളാലിൽ ചാർത്തി
അവൾ മടങ്ങി. അത് ഭഗവാൻറെ തിരുമാറിലാണ് അണിഞ്ഞതെന്നു നിഷ്കളങ്കയായ ബാലിക പൂർണ്ണമായും വിശ്വസിച്ചു. പിറ്റേന്ന് നട തുറന്നു  മേൽശാന്തി അലങ്കാരങ്ങൾ എടുത്തു മാറ്റാൻ തുടങ്ങി.   മാലകൾ ഒന്നൊന്നായി എടുത്തു നീക്കി എത്രതന്നെ മാലകൾ മാറ്റിയിട്ടും ബിംബത്തിൽ ഒരു മാല ശേഷിക്കുന്നത് കണ്ട് അദ്ദേഹം അത്ഭുത പരവശനായി . ദർശനത്തിനു വന്നിരുന്ന ഭക്തന്മാരും ഈ അത്ഭുതം കണ്ട് അതിശയിച്ചു. കൂട്ടത്തിൽ ഭക്തോത്തമനായ പൂന്താനവും ഉണ്ടായിരുന്നു. മേൽ  നടപടികൾക്കായി  ജ്യോത്സരെ വരുത്താനും തന്ത്രിയെ വിവരമറിയിക്കാനും അഭിപ്രായങ്ങൾ ഉയർന്നുവന്നു. അപ്പോൾ പൂന്താനം പറഞ്ഞു,

"വരട്ടെ ഇന്നലെ രാത്രിയിൽ കിഴക്കേ നടയിലെ ആൽച്ചുവട്ടിൽ മഞ്ജുള ചാർത്തിയ മാലയാകാം ഇത്. ആ മട്ടിൽ ധ്യാനിച്ചു മാല അഴിച്ചു മാറ്റുക."


അത്ഭുതം തന്നെ. പൂന്താനം ഇത്രയും പറഞ്ഞതും മാല ബിംബത്തിൽനിന്നും ഊർന്നു താഴെ വീണു.  ഭക്തിയുടെ മാഹാത്മ്യം അവിടെയുള്ളവരെ ബോധ്യപ്പെടുത്താൻ ഗുരുവായൂരപ്പൻ ചെയ്ത വിദ്യയാണതെന്നു ഏവർക്കും ബോധ്യപ്പെട്ടു.  ഭക്തജങ്ങൾ തിക്കിത്തിരക്കിക്കൊണ്ടു അരയാലിൻറെ പരിസരത്തേക്ക് നീങ്ങി. അവിടെ നമസ്കരിച്ചുകൊണ്ടു ഭഗവാൻറെ ഭക്തവാത്സല്യത്തെക്കുറിച്ച് അവർ വാഴ്ത്തിപ്പാടി. അന്നുമുതൽ മഞ്ജുളയുടെ പേരോടുകൂടി ആ അരയാൽമരം  മഞ്ജുളാൽ”  എന്നറിയപ്പെട്ടുതുടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ