2017, ജൂലൈ 23, ഞായറാഴ്‌ച

ബാർബാറിക അസ്ത്രങ്ങള്‍ /തീന്‍ ബാണധാരി/ Barbarika Asthrangal / Theen Banadhari /Shyam Baba / Ghadu Shyam

ധർമ്മച്യുതി സംഭവിക്കുമ്പോൾ അവതാരങ്ങളുണ്ടാവുന്നുവെന്ന് ഇതിഹാസങ്ങളും പുരാണങ്ങളും ഉത്ബോധിപ്പിക്കുന്നു. പ്രകൃതിയുടെ, ഭൂമിയുടെ സ്വച്ഛതയ്ക്ക് കോട്ടം വരുത്തുന്ന ഏതു അസുര ശക്തിയേയും ഇവിടെതന്നെ ഒന്നുമില്ലായ്മയിൽ നിന്നും ഉയർന്നുവന്നവയുടെ പ്രതിരോധത്താൽ നിശ്ശേഷം നശിപ്പിക്കുന്നുവെന്ന് ചരിത്രവും പഠിപ്പിക്കുന്നു. അന്തർലീനമായ സനാതനമായ ഒരു ചൈതന്യത്തിന്റെ ചോദനയേയാകാം അതാത് കാലത്തെ ഇത്തരം അവതാരങ്ങളിലെ ദേവാംശമായി കാണുന്നത്.
ഭൂമിയിൽ അധർമ്മം വീണ്ടും പെരുകിയപ്പോൾ ദേവൻമാർ വിഷ്ണുവിനെ സമീപിച്ചു. കൃഷ്ണാവതാരത്തിന്റെ സമയമായി എന്നവരോട് പറയുന്ന വേളയിൽ ശക്തനായ ഒരു യക്ഷന്റെ അസ്ഥാനത്തെ അഹങ്കാരവാക്കുകൾ അയാളെ ബ്രഹ്മശാപാർഹനാക്കി. കൃഷ്ണന്റെ ചക്രായുധത്താൽ മോക്ഷവും ലഭിക്കട്ടെയെന്ന അനുഗ്രഹവും ക്ഷമയാചിച്ചപ്പോൾ നൽകി.

നാഗരാജ പുത്രിയായിരുന്ന അഹിലാവതിയെ നിബന്ധനപ്രകാരം ബുദ്ധിശക്തിയിൽ തോത്പിച്ചതിനാൽ ഭീമപുത്രനായ ഘടോത്കചൻ വിവാഹം ചെയ്തു. അവരുടെ മക
നായി യക്ഷൻ പിറന്നു, ബാർബാറികൻ എന്ന നാമത്തിൽ. ബുദ്ധിയുടേയും ശക്തിയുടേയും സമ്മേളനമായ ബാർബാറികൻ, മാതാവായ അഹിലാവതിയുടെ തന്നെ ശിക്ഷണത്തിൽ വീരശൂരപരാക്രമിയായി സർവ്വായുധങ്ങളിലും പ്രാവീണ്യം നേടി. ശിവനെ ഘോരതപസ്സിനാൽ പ്രീതിപ്പെടുത്തി മൂന്ന് അസ്ത്രങ്ങൾ നേടി. മനസ്സിൽ ആഗ്രഹിക്കുന്നതിനെ ഭേദിച്ച് തിരികെ ആവനാഴിയിലെത്തുന്ന ബാണങ്ങൾ അദ്ദേഹത്തിന് തീൻ ബാണധാരിയെന്ന പേരും നേടിക്കൊടുത്തു. ശേഷം അഗ്നിയെ തപസ്സിലൂടെ സംപ്രീതനാക്കി ഒരു വില്ലും നേടിയെടുത്തു. ഇവ ബാർബാറികനെ മൂന്നു ലോകത്തിനും അജയ്യനാക്കി. ഗുരുവായ മാതാവിന് അദ്ദേഹത്തിന്റെ വാക്കായിരുന്നു എന്നും ദുർബല പക്ഷത്തിനൊപ്പമേ നിൽക്കുവെന്നുള്ളത്.
മഹാഭാരത യുദ്ധത്തിൽ പതിനൊന്ന് അക്ഷൗഹിണിയേയും ഭീഷ്മ- ദ്രോണ - കർണ്ണ- കൃപാചാര്യ ആദിയായ യുദ്ധവീരൻമാരായ മഹാരഥികളെ നേരിടുന്നതും ദുർബലവുമായ, തന്റെ പിതാവിന്റെ പക്ഷമായ പാണ്ഡവപക്ഷത്ത് ചേരാൻ ബാർബാറികനെത്തി. മാർഗ്ഗമധ്യേ കൃഷ്ണൻ അദ്ദേഹവുമായി കണ്ടുമുട്ടി. ബാർബാറികൻ മാതാവിനു കൊടുത്ത വാക്കിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞു കൊടുത്തു. കൗരവരുടെ യുദ്ധതന്ത്ര പ്രകാരം അവർ മുഴുവൻ സേനയേയും ആദ്യ ദിവസം ഇറക്കുകയില്ല. ആദ്യ ദിവസം ഇറങ്ങുന്ന ഭീഷ്മരുമുൾപ്പെടെയുള്ള മുഴുവൻ സേനയേയും ബാർബാറികന്റെ ആദ്യ അസ്ത്രം തന്നെ നശിപ്പിക്കും. അപ്പോൾ അടുത്ത ദിവസത്തെ യുദ്ധത്തിന് ശേഷിച്ച സൈന്യവുമായി കൗരവപക്ഷം ദുർബലമാകും അപ്പോൾ വാക്ക് പ്രകാരം ബാർബാറികന് അവരോടൊപ്പം ചേരേണ്ടിവരും. അന്ന് പാണ്ഡവരുൾപ്പെടെ നശിച്ച് അവർ ദുർബലരാകും. ഇങ്ങനെ മാറി മറിഞ്ഞ് രണ്ടു പക്ഷവും ഇല്ലാതായി ബാർബാറികൻ മാത്രം അവശേഷിക്കും. മാത്രമല്ല സ്വച്ഛന്ദമൃതുവെന്ന ഭീഷ്മർക്കു കിട്ടിയ വരം ശിഖണ്ഡി നേടിയ വരം, ഭീമന്റേയും സഹദേവന്റെയും പ്രതിജ്ഞകൾ, കർണ്ണന്റെ കവച കുണ്ഡലങ്ങൾ ജയദ്രഥന് കിട്ടിയ അനുഗ്രഹം ഇവയുടെയെല്ലാം അപ്രസക്തമാകുകയും അവ മൂലം അവയുടെ ദാതാക്കൾക്കു വരുന്ന മൂല്യശോഷണവും ധർമ്മവ്യതിയാനവും കൃഷ്ണൻ ചൂണ്ടിക്കാട്ടി. ധർമ്മസങ്കടത്തിലായ ബാർബാറികന് തന്റെ ജന്മരഹസ്യം മനസ്സിലാകുകയും തന്നെ വധിച്ച് മോക്ഷം തരാനും കൃഷ്ണനോട് പ്രാർത്ഥിച്ചു. അപ്രകാരം ചെയ്ത ഭഗവാൻ അദ്ദേഹത്തിന് വരവും നൽകി. ധർമ്മയുദ്ധം ആദ്യാവസാനം കാണണമെന്നത് മാത്രമായിരുന്നു ബാർബാറികന്റെ ആവശ്യം. അതിനായ് അദ്ദേഹത്തിന്റെ ശിരസ്സിനെ കുരുക്ഷേത്രത്തിനടുത്തുള്ള ഒരു കുന്നിൻ മുകളിലും ഭഗവാൻ പ്രതിഷ്ഠിച്ചു. ഒരു തരത്തിൽ ധർമ്മത്തിന്റെ തനതായ വിജയത്തിനായ് അദ്ദേഹം സ്വയം ബലിയാകുകയായിരുന്നു.

യുദ്ധാനന്തരം പാണ്ഡവ സഹോദരൻമാരെ പിൻതുണയ്ക്കുന്നവർ അഞ്ചായ് പിരിഞ്ഞ് ആരാണ് കൂടുതൽ വീര്യം കാട്ടിയെന്നത് തർക്കിച്ചു. അപ്പോൾ അവരെ പരിഹസിച്ച് ബാർബാറികന്റെ ശിരസ്സ് ചിരിച്ചു. കാരണം അന്വേഷിച്ച പാണ്ഡവസേനയോട് ബാർബാറികൻ പറഞ്ഞു. ഭീഷ്മരേയും കർണ്ണനേയും സകല കുരുസേനയേയും വധിച്ചത് സുദർശനമാണ്. എല്ലായിടത്തും ദുഷ്ടനിഗ്രഹം ചെയ്തത് ശക്തിയാണ്. ചാരത്തിൽ നെയ്യൊഴിക്കുന്ന പോലയോ തരിശുഭൂമിയിൽ വിത്തെറിയുന്നതു പോലെയോ ആണ് കൃഷ്ണ സാന്നിധ്യമില്ലാത്ത പാണ്ഡവപക്ഷം.
അവനവനിലെ ഈശ്വര ചൈതന്യത്തെ മനസ്സിലാക്കിയവനെ കൃഷ്ണൻ അനുഗ്രഹിച്ചു. ബാർബാറികനും താൻ തന്നെയെന്നു പറഞ്ഞ ഭഗവാൻ കലിയുഗത്തിൽ തന്റെ പേരിൽ തന്നെ പൂജിതനാവാൻ വരം നൽകി.
രാജസ്ഥാനിലും ഹരിയാനയിലും ഘടുശ്യാം, ശ്യാം ബാബ, തീന്ബാണധാരി എന്നീ പേരുകളിൽ ബാർബാറികനെ ആരാധിക്കുന്നു.

ഭൗതികവും മാനസികവും വൈകാരികവും ആയ സർവ്വവ്യാപികളായ മായകളാണ് ലോകത്ത് എന്തിനേയും നശിപ്പിക്കാൻ കഴിവുള്ള മൂന്നു ബാർബാറിക അസ്ത്രങ്ങൾ, സത് വിചാരങ്ങൾ അവയെ സമൂഹനന്മയ്ക്കായ് വഴിതിരിച്ചു വിടട്ടെ. നമ്മളുടെ സ്വകാര്യ നിലപാടുകളും വാക്കുകളുമാകുന്ന ബന്ധങ്ങൾ അവയുടെ വിജയത്തിനുള്ള ബസനങ്ങളാവാതിരിക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ