2017, ഏപ്രിൽ 19, ബുധനാഴ്‌ച

തുറവൂർ മഹാക്ഷേത്രം / Thuravoor Narasimhamoorthy Temple


ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തുറവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തുറവൂർ മഹാക്ഷേത്രം. കിഴക്കു ദർശനമായി ദേശീയപാത-47 നു അഭിമുഖമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ രണ്ടു ഭാവങ്ങളിലുള്ള തുല്യ പ്രാധാന്യത്തോടുകൂടിയുള്ള രണ്ട് പ്രതിഷ്ഠകൾ ഉണ്ടെന്നുള്ളത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. നരസിംഹമൂർത്തി പ്രതിഷ്ഠയും, സുദർശനമൂർത്തി പ്രതിഷ്ഠയുമാണവ. രണ്ടു പ്രതിഷ്ഠകൾക്കും രണ്ട് വെവ്വേറെ ശ്രീകോവിലുകളുമുണ്ട്. തെക്കുവശത്തെ ശ്രീകോവിലിൽ സുദർശനമൂർത്തിയേയും വടക്കേ ശ്രീകോവിലിൽ നരസിംഹമൂർത്തിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.ഇവിടത്തെ ദീപാവലി ഉത്സവം പ്രശസ്തമാണ്.

വാരണാസിയിലെ നരസിംഹഘട്ടിൽ നിന്ന്
പുഴവഴി നരസിംഹത്തെ ഇവിടെ കൊണ്ടുവന്ന് ഭൂതനിലത്ത് ഇറക്കിയെന്നും അവിടെനിന്ന് ഈ ക്ഷേത്രസ്ഥാനത്ത് വന്നെത്തിയ നരസിംഹമൂർത്തി ഇവിടെ ദുർഗയായി സങ്കല്പിക്കപ്പെടുന്ന സ്ഥാനത്ത് കയറിയിരുന്നു എന്നും ഒരു പുരാവൃത്തം പറയുന്നു. മറ്റൊരു ഐതിഹ്യം അനുസരിച്ച് ചേരമാൻ പെരുമാൾ ക്ഷേത്രം നിർമിച്ച് പെരുമന ഇല്ലത്തിന് കൈമാറി. പിന്നീട് ഇത് കൈനിക്കര, നെടുമ്പുറം, തേവലപ്പൊഴി, പള്ളിക്കീഴിൽ, നാറാണത്ത് എന്നീ ഇല്ലക്കാരുടെ കൈവശമായിരുന്നു.ശ്രീകോവിലുകളുടെ ദർശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പിൽ ഒരു വലിയ കുളമുണ്ട്.

സുദർശനമൂർത്തി ഏകദേശം ആറടി പൊക്കമുള്ള ചതുർബാഹു വിഗ്രഹമാണ്.നരസിംഹം അഞ്ജനശിലയിൽ നിർമിതമായിരിക്കുന്നു.ശ്രീകോവിലുകളുടെ ദർശനം കിഴക്കോട്ടാണ്. ഇവിടെ ദിവസേന അഞ്ച് പൂജ നടത്തിവരുന്നു. ശാസ്താവ്, യക്ഷി, നാഗം, ഗണപതി, ദുർഗ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ.

ഉപദേവ പ്രതിഷ്ഠകൾ:

*ശാസ്താവ്
*യക്ഷി
*നാഗം
*ഗണപതി
*ദുർഗ

പൂജാവിധികളും, വിശേഷങ്ങളും:

പുറപ്പെടാ ശാന്തി:

പുറപ്പെടാശാന്തി സമ്പ്രദായം നിലവിലുള്ള കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് തുറവൂർ മഹാക്ഷേത്രം. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ആചാരങ്ങളാണ് ഇവിടുള്ളത്. ഒരുവർഷം കഠിനവ്രതത്തോടെ നരസിംഹമൂർത്തിയെയും മഹാസുദർശന മൂർത്തിയെയും പൂജിച്ചാരാധിക്കുന്ന മുഖ്യപുരോഹിതനായ മേൽശാന്തി ഇക്കാലയളവിൽ തീവ്രനൈഷ്ഠിക ബ്രഹ്മചര്യത്തോടെ പുറപ്പെടാശാന്തിയനുഷ്ഠിക്കുന്ന സമ്പ്രദായമാണ് ഇവിടെ നിലവിലുള്ളത്. ഒരു മേടവിഷു മുതൽ അടുത്ത മേടവിഷു വരെയാണ് കാലാവധി.

നിത്യപൂജകൾ:

നിത്യേന അഞ്ചു പൂജകൾ. കൂടാതെ മൂന്ന് ശീവേലികളും. പുലർച്ചെ മൂന്നുമണിയ്ക്ക് നിയമവെടിയോടുകൂടി പള്ളിയുണർത്തൽ. പിന്നീട് നാലുമണിയ്ക്ക് നട തുറക്കുന്നു. നിർമ്മാല്യ ദർശനവും അഭിഷേകവും കഴിഞ്ഞാൽ ഉഷഃപൂജ തുടങ്ങും. പിന്നീട് എതിരേറ്റുപൂജയും ശീവേലിയും. ഇവിടെ രണ്ടുസമയത്താണ് പന്തീരടിപൂജ. ആദ്യം തെക്കേടത്താണ് (സുദർശനമൂർത്തിയുടെ നട) നടത്തുക. പിന്നീട് വടക്കേടത്തും (നരസിംഹമൂർത്തിയുടെ നട) നടത്തും. 11 മണിയോടെ ഉച്ചപ്പൂജ തുടങ്ങും. അതുകഴിഞ്ഞാൽ ഉച്ചശീവലി. 12 മണിയ്ക്ക് നടയടയ്ക്കും.വൈകീട്ട് അഞ്ചുമണിയ്ക്ക് നട വീണ്ടും തുഠക്കുന്നു. സൂര്യാസ്തമയസമയത്ത് ദീപാരാധന നടത്തുന്നു. പിന്നീട് അത്താഴപ്പൂജയും ശീവേലിയും കഴിഞ്ഞ് രാത്രി 8 മണിയോടെ നടയടയ്ക്കുന്നു.


വെടി വഴിപാടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. അതിൽത്തന്നെ വലിയവെടിയും ചെറിയവെടിയുമുണ്ട്. വഴിപാട് നടത്തുന്നയാളുടെ പേരും നക്ഷത്രവും വെടികളുടെ എണ്ണവും വിളിച്ചുപറഞ്ഞാണ് വഴിപാട് നടത്തുന്നത്. കൂടാതെ പാനകം, പാൽപായസം, സുദർശനഹോമം തുടങ്ങിയ വഴിപാടുകളുമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ