2017, ജൂൺ 22, വ്യാഴാഴ്‌ച

പുനർജന്മം / Punarjanmam / Rebirth and Hinduism


ജീവാത്മാവ്,ബുദ്ധി (നമ്മുടെ ആർജ്ജിത ജ്ഞാനവും സംസ്കാരവും ഉൾപ്പടെ),മനസ്സ്...എന്നിവയെല്ലാം ഒന്നല്ല...എന്നാൽ പരസ്പരം ബന്ധപ്പെട്ടതാണ്...ജീവാത്മാവ് ശരീരത്തിൽ കുടികൊള്ളുമ്പോൾ അതു മനസ്സെന്ന രൂപത്തിൽ നിലനില്ക്കുന്നു...ബുദ്ധിയും സംസ്കാരവും മനസ്സിനോടു കൂടിത്തന്നെ...സ്വപ്നത്തിലും പ്രളയ (മരണം) ത്തിലും അതു ജീവാത്മാവോടുകൂടി സ്ഥിതിചെയ്യുന്നു...കർമ്മങ്ങൾ അറ്റുകഴിയുമ്പോൾ അതിനെ വീണ്ടുംജീവാത്മാവ് എന്നു വിളിക്കപ്പെടും. ആ ജീവാത്മാവ് പരമാത്മാവിൽ വിലയിച്ച് ഒന്നാകുന്നു.....ശരീരത്തിൽനിന്നും പിരിയുന്ന ജീവാത്മവോടുകൂടി നമ്മളാർജിച്ചിരിക്കുന്ന..സ്നേഹവും. ജ്ഞാനവും, സംസ്കാരവും ,വാസനകളും അടുത്തജന്മത്തിലേയ്ക്കു് ജീവാത്മവിനൊപ്പം..എത്തുന്നു..
സ്നേഹവും സൌഹൃദവമുൾപ്പടെ......

"ഭാവസ്ഥിരാണി ജനനാനന്തരസൌഹൃദാനി..."

(ജനനാന്തരങ്ങൾ കഴിഞ്ഞാലും സൌഹൃദത്തിൻറെ ഭാവം സ്ഥിരതയോടെ നിൽക്കും...എത്രമനോഹരമാ
യ ഭാവന....അല്ലെങ്കിൽ സത്യം) എന്നു കാളിദാസൻ പറഞ്ഞത്.

.സഹസ്രാബ്ദങ്ങളുടെ കാലാന്തരങ്ങളിലുണ്ടായിട്ടുള്ള .. വേദോപനിഷത്തുക്കളിൽ ..തുരീയജ്ഞാനത്താൽ ലബ്ധമായ.അറിവുകൾ. പൂർവ്വികരായ മനീഷികളുടെ വാക്കുകൾ തള്ളിക്കളയാവുന്നതാണോ.ദർശനങ്ങൾ എന്തു പറയുന്നു എന്നു നോക്കുക.


വാസാംസി ജീർണ്ണാനി യഥാ വിഹായ നവാനി
ഗൃഹ്ണാതി നരോ പരാണി
തഥാ ശരീരാണി വിഹായ ജീർണ്ണാന്യന്യാനി
സംയാതി നവാനി ദേഹീ
നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ,
നചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ

[ആയുധങ്ങൾ ഇതിനെ മുറിവേല്പിക്കില്ല; തീ ഇതിനെ പൊള്ളിച്ചു ദഹിപ്പിക്കില്ല; ജലമിതിനെ നനക്കുകയുമില്ല; മാരുതൻ ഇതിനെ ശോഷിപ്പിക്കുകയില്ല.]

നാത്മാfശ്രുതേർനിത്യത്വാച്ച താഭ്യഃ

ആത്മാവ് മരിക്കുകയോ ഉണ്ടാവുകയോ ചെയ്യുന്നില്ല.

ന ജായതേ മ്രിയതേ വാ വിപശ്ചിത് നായം കുതശ്ചിന്ന ന ബഭൂവ കശ്ചിത്.
അജോ നിത്യോ ശാശ്വതോfയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ.

[അതുണ്ടാകുന്നില്ല, മരിക്കുന്നുമില്ല, അത് ഏതെങ്കിലും വസ്തുവിന്റെ പരിവർത്തിതരൂപമല്ല. അതിനെ മാറ്റി മറിച്ച് വെറൊന്നാക്കാനും വയ്യ. അത് ജനിക്കാത്ത നിത്യനാണ്. സദാ ഉണ്ടായിരിക്കുന്നതും പുരാതനനുമാകുന്നു. ശരീരത്തിന്റെ നാശത്തിൽ അത് നശിക്കുന്നില്ല.]

ജീവോപേതം വാവ കിലേദം മ്രിയതേ ന ജീവോ മ്രിയതേ

[ജീവാത്മാവ് മരിക്കുന്നില്ല. ജീവൻ ശരീരത്തിൽ നിന്നു വെളിയിൽ പോയിക്കഴിഞ്ഞാൽ ഈ ശരീരം മരിക്കുന്നു.]
. അഖണ്ഡവും അവിനാശിയുമായതിന്റെ അസ്തിത്വം മരണാനന്തരവും ഉണ്ടെന്ന് അംഗീകരിച്ചേതീരൂ .
ദർശനപ്രകാരാൽ.. ശരീരത്തിന്റെ ജനനവും മരണവും ജീവാത്മാവിന്റെ ജനനമരണങ്ങളല്ല. ആത്മാവ് ശരീരത്തിനു മുമ്പേ ഉണ്ടായിരുന്നു. മരണാനന്തരവും ഉണ്ടായിരിക്കും.

 ഭാരതീയദർശനം ഉൾക്കൊണ്ടവന് ഒരുവന്  മരണം...ഒരു ദുരന്തമോ ദുര്യോഗമോ പേടിപ്പെടുത്തുന്ന ഒന്നുമേ അല്ല. അല്ല... ശരീരമാകുന്ന പഴയവസ്ത്രം ഉപേക്ഷി ച്ച് പുതിയ വസ്ത്രങ്ങൾ അണിയുന്നു. അതുപോലെ ജീർണ്ണമായ ശരീരം ഉപേക്ഷിച്ച് ജീവാത്മാവ് പുതിയ ശരീരം സ്വീകരിക്കുന്നു.

വാസാംസി ജീർണ്ണാനി യഥാ വിഹായ നവാനി
ഗൃഹ്ണാതി നരോ പരാണി
തഥാ ശരീരാണി വിഹായ ജീർണ്ണാന്യന്യാനി
സംയാതി നവാനി

അതാണ് പുനർജ്ജന്മം.ഇവിടെ പുതുവസ്ത്രം എന്ന ഒറ്റ മോട്ടിഫ് ( Motif ) കൊണ്ടുതന്നെ മരണം ശുഭോദർക്കമായ , മംഗളമായ കാര്യമെന്ന് ഗീത ഉദ്ബോധിപ്പിക്കുന്നു...(ഇനി ഇതൊന്നുമല്ലെങ്കിലും മരണംസംഭവിക്കുംഎന്തിനു കൂട്ടുകാരെ അതിന് കഴുത്തിലെ കയറിൽ കുരുങ്ങിച്ചാവുന്ന പശുവിനെപ്പോലെ വെപ്രാളവും ഭയവും കാണിക്കുന്നു.സ്വച്ഛമായി സന്തോഷമായി അതിനു കീഴടങ്ങുക..).കർമ്മബന്ധങ്ങൾ (പാപം എന്നല്ല അതിനർത്ഥംഎന്നു പ്രത്യേകം ഓർക്കുക) കഴിയും വരെ ആ ജനിമൃതികൾ നമ്മളെ തുടരുന്നു പോലും .അവസാനം പരമാത്മാവിൽ ഈ ജീവാത്മാവ് വിലയം പ്രാപിക്കും വരെ ഈ ജനിമൃതിചക്രം നീളുന്നു...ഒരു ശരീരം വിട്ടാൽ പുതിയതൊന്ന് ലഭിക്കും എന്നത്. ഇതാണ് പുനർജന്മസിദ്ധാന്തമായി ഉപനിഷത്തുക്കൾ പറയുന്നത്..


മതപരമായി പുനർജ്ജന്മസങ്കല്പങ്ങളില്ലാത്ത വിഭാഗങ്ങൾ പോലും പുനർജ്ജന്മത്തെ അനുഭവം കൊണ്ട് അംഗീകരിക്കുന്നു...വിസ്മൃതിയാണ് ( ഓർമ്മയുടെ അഭാവമാണ്) പുനർജന്മ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ എതിരാളി. അനേകം ജന്മങ്ങളിലൂടെ കടന്നുപോകുന്ന നമുക്ക് എന്തുകൊണ്ടാണ് അതിലൊന്നു പോലും സ്മരണയിൽ ഇല്ലാത്തത്? മറന്നതു കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അഥവാ ഉണ്ടാകുമോ? സ്മൃതി ഉണ്മയുടെ ഭാവസൂചകമാണെന്നത് ശരി. എന്നാൽ സ്മൃതിയുടെ അഭാവം ഉണ്മയുടെ അഭാവത്തെ സൂചിപ്പിക്കുന്നില്ല. അതായത് ജ്ഞാനത്തിന്റെ അഭാവം വസ്തുവിന്റെ അഭാവത്തെ സിദ്ധമാക്കുകയില്ല. വിസ്മൃതിക്ക് മറ്റൊരു തലം കൂടിയുണ്ട്. ഉണ്ടായിരുന്നു എന്നറിയാവുന്നതിനെ മാത്രമെ വിസ്മരിക്കാൻ കഴിയൂ. ഉള്ളതിനെ മാത്രമെ മറക്കാനാവൂ. .
ഇപ്പോഴത്തെ ജീവിതത്തിൽ പോലും നടന്ന പല സംഭവങ്ങളും നമുക്കറിവില്ലാത്തതും ഓർമ്മയില്ലാത്തതും ആണെങ്കിലും അവ ഉണ്ടായില്ലെന്നു നിഷേധിക്കാൻ സാധിക്കുമോ? അവ സംഭവിച്ചതാണെന്ന് നിശ്ചയിക്കാൻ നമുക്ക് പ്രതിബന്ധമൊന്നും ഇല്ല. ഒരാഴ്ച്ച മുമ്പ് ഈ ദിവസം നമ്മൾ എന്തു ഭക്ഷണമാണ് കഴിച്ചതെന്ന് നമുക്ക് ഓർക്കാൻ കഴിയുന്നുണ്ടോ?ഇല്ല. എന്തിന് ഇന്നലെ നടന്ന കാര്യങ്ങളെല്ലാം ഒന്നും ഇടവിടാതെ ഓർക്കാൻ നമുക്ക് കഴിയുന്നുണ്ടോ? ഇല്ല. നമ്മുടെ ജ്ഞാനത്തിന്റെ അഭാവം വസ്തുവിന്റെ അല്ലെങ്കിൽ സംഭവത്തിന്റെ അഭാവ സൂചനയാണോ അത്? ..അല്ല.. പ്രമാണങ്ങളില്ലാതെ പൂർവ്വ-പുനർജന്മങ്ങളുണ്ടെന്ന് അംഗീകരിക്കണമെന്ന ഒരു താല്പര്യവും ഇല്ല. എന്നാൽ ഓർമ്മയില്ല എന്ന കാരണത്താൽ അതിനെ നിഷേധിക്കേണ്ട കാര്യവുമില്ല.

ഭാരതീയദർശനം പഠിച്ചവന് ജീവിതം നിത്യതയുടെ മഹാസാഗരത്തിൽ ഉണ്ടായി മറയുന്ന ക്ഷണികതയുടെ ഒരു. ജ്ഞാനിയായ ഒരുവന്  മരണത്തെ ഓർത്ത് പരിഭ്രാന്തനാവുന്നില്ല. വേഗംതന്നെ വിട്ടുപോകുന്ന കർമ്മത്തിന്റെ പൂർത്തീകരണത്തിനായി മടങ്ങിവരും എന്നാണവൻ പ്രത്യാശിക്കുന്നു.വളരെ ഇഷ്ടത്തോടെ ഇത്രയുംകാലം ഉപയോഗിച്ച ഒരു ഷർട്ട് ഉപേക്ഷിക്കേണ്ടിവരുമ്പോഴുള്ള ഒരു മനോഭാവം മാത്രമേ ഉപനിഷത്ജ്ഞാനിയായ ഒരുവന് തൻറെ ശരീരംഉപേക്ഷിക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്നുള്ളു..അതെ... .മരണം ...അത് പുതിയ ശരീരമാകുന്ന വസ്ത്രം ധരിക്കാനുള്ള തയ്യാറെടുപ്പ്....


. ......"ഭാവസ്ഥിരാണി ജനനാനന്തര സൌഹൃദാനി..." ജനനാന്തരങ്ങൾ കഴിഞ്ഞാലും നമ്മുടെ സൌഹൃദത്തിൻറെ ഭാവം സ്ഥിരതയോടെ നിലനില്ക്കും...എത്ര മനോഹരമായ ഭാവന...!.അല്ലെങ്കിൽ സത്യം....അത് സത്യം തന്നെയാകട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ