2016, ഡിസംബർ 28, ബുധനാഴ്‌ച

സന്ധ്യാ ദീപം/Sandhya Deepam


സന്ധ്യാദീപം തെളിയിക്കുന്നതു വൈദികമായ (വേദാധിഷ്ഠിത) സംസ്‌കൃതിയാണ്. ഇതു യജ്ഞകേന്ദ്രീകൃതമാണ്. യജ്ഞത്തില്‍ ആരംഭിച്ചു യജ്ഞത്തിലൂടെ വികസിച്ചു യജ്ഞത്തില്‍ അവസാനിക്കുന്നതായിട്ടാണു ജീവിതത്തെ വേദം നോക്കിക്കാണുന്നത്. എല്ലാം യജ്ഞമാണ്. അതുകൊണ്ടുതന്നെ നിത്യം അഗ്നിഹോത്രം ചെയ്യുന്നവരുടെ അഥവാ, യാജ്ഞികമായ വീക്ഷണം പുലര്‍ത്തുന്നവരുടെ അവശ്യകര്‍ത്തവ്യങ്ങളില്‍ പെട്ടതാണ് ഇരുസന്ധ്യകളിലുമുള്ള ലളിതമായ അഗ്നിഹോത്രം. പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും അഗ്നിഹോത്രം ചെയ്യുക എന്നത് വൈദികസംസ്‌കൃതിയില്‍ വീടുകളില്‍ അവശ്യം നടക്കേണ്ടതാണ്. കാലക്രമേണ ഇതില്‍ പല വീഴ്ചകളുമുണ്ടായി. അങ്ങനെ നിത്യാഗ്നഹോത്രമെന്നതു ചുരുങ്ങിച്ചുരുങ്ങി വിളക്കു കത്തിക്കുക മാത്രം ചെയ്യുന്നതിലേക്കു ചുരുങ്ങി. അതെങ്കിലും നിലനിന്നാല്‍ മതിയായിരുന്നു. എല്ലാ വീടുകളിലും ഇരുസന്ധ്യകളിലും ദീപം തെളിയിക്കുക. കാലത്ത് എപ്പോള്‍ വിളക്കു തെളിയിക്കണമെന്നു ചോദിച്ചാല്‍ പ്രഭാതസന്ധ്യയില്‍ ആയിക്കോട്ടെ, വിരോധമില്ല. ഉദയത്തിനു മൂന്നു മണിക്കൂര്‍ മുമ്പ് മുതല്‍ ദീപം തെളിയിക്കാം. അതിനു മുമ്പു പാടില്ല. കാരണം അതു രാത്രികാലമാണ്. ഉദയത്തിന് ഏഴര
നാഴിക മുമ്പ് മുതല്‍ക്ക് ബ്രാഹ്മയാമമാണ്. അവിടുന്നിങ്ങോട്ടുള്ള ഏതു സമയത്തും ആവാം. എന്നാല്‍ ഒരു കാരണവശാലും പ്രഭാതസന്ധ്യ പിന്നിട്ട ശേഷം ദീപം തെളിയിക്കരുത്. പ്രഭാതസന്ധ്യ എന്നാല്‍ ഉദയത്തിന് ഒരു നാഴിക മുമ്പു മുതല്‍ ഒരു നാഴിക പിമ്പുവരെയുള്ള സമയമാണ്. ഉദയത്തിന് 24 മിനുട്ട് മുമ്പെങ്കിലും വിളക്കു കത്തിക്കണം. സായംസന്ധ്യയും അങ്ങനെത്തന്നെ: അസ്തമയത്തിന് ഒരു നാഴിക മുമ്പു മുതല്‍ ഒരു നാഴിക പിമ്പുവരെയുള്ള സമയം. പൂര്‍വാഹ്നവും മധ്യാഹ്നവും സന്ധിക്കുന്നത് ഒരു സന്ധ്യയാണ്. വേറെയും സന്ധ്യകളുണ്ട്. ഇത്തരം സന്ധ്യകളില്‍ ദീപം തെളിയിക്കുന്ന പതിവില്ല. പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും ദീപം ശ്രദ്ധാപൂര്‍വം യജ്ഞഭാവനയോടെ തെളിയിക്കുക. അന്ധകാരം എന്റെ വീട്ടില്‍നിന്നും അകലേണമേ, എന്നെ പ്രകാശത്തിലേക്കു നയിക്കേണമേ എന്ന സങ്കല്‍പത്തോടും പ്രാര്‍ഥനയോടുംകൂടി ദിവസവും ദീപം തെളിയിക്കുക.

സന്ധ്യക്ക്‌ ഉമ്മറത്ത് നിലവിളക്കുകൊളുത്തിവയ്ക്കുന്നതാണ് സന്ധ്യാദീപം. ഇത് ഒരു ദിവസം പോലും മുടക്കരുത്. സന്ധ്യാദീപത്തിന് ഹൈന്ദവജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്.

സന്ധ്യക്കു മുന്‍പായി കുളിച്ച് അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. അതിനുശേഷം തുടച്ചു വൃത്തിയാക്കി വച്ചിരിക്കുന്ന നിലവിളക്കില്‍ എള്ളെണ്ണയൊഴിച്ച് തിരികത്തിച്ച് "ദീപം" എന്നു മൂന്നു പ്രാവിശ്യം ഉച്ചരിച്ചുകൊണ്ട് ഉമ്മറത്ത് വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും കാണത്തക്കവിധം പീടത്തില്‍ വയ്ക്കുക. സന്ധ്യ കഴിയുന്നതുവരെ കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് വിളക്കിനു സമീപമിരുന്ന് സന്ധ്യാനാമം ജപിക്കണം. വെറും നിലത്തിരുന്ന് ധ്യാനം, ജപം ഇവ അരുത്. പുല്‍പ്പായ, കബളം, പലക അങ്ങനെ ഏതെങ്കിലും ഒന്നിലിരുന്നേ പാടുള്ളൂ. ധ്യാനം, ജപം ഇവകൊണ്ട് മനുഷ്യശരീരത്തിനു ലഭിക്കുന്ന ഊര്‍ജം നഷ്ടപ്പെടാത്തിരിക്കനാണിത്. നിലത്തിരുന്നാല്‍ ഊര്‍ജം ഭൂമിയിലേക്ക്‌ സംക്രമിക്കും (എര്‍ത്തായി പോകും). നാമജപത്തിനുശേഷം സത്സംഗവും കൂടി നടത്തേണ്ടതാണ്. കുടുംബൈക്യത്തിനും ശ്രയസ്സിനും സത്സംഗം അത്യാവശ്യമാണ്. ഇതിനുശേഷമേ സന്ധ്യാവന്ദനം കഴിഞ്ഞെഴുന്നേല്ക്കാവു.


സന്ധ്യാദീപം കൊളുത്തുമ്പോള്‍തന്നെ തുളസിത്തറയിലും ദീപം തെളിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ