2018, ഡിസംബർ 6, വ്യാഴാഴ്‌ച

പാപാങ്കുശൈകാദശി / ഏകാദശിവ്രതം / Ekadashi Vratham / Ekadashi Fasting Benefits

" വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം "-

അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്ന് പ്രമാണം.
.
ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.
ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതം. മഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെ
ന്നു കരുതപ്പെടുന്നു.
സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ മാസവും കൃഷ്ണ- ശുക്ലപക്ഷങ്ങളിൽ ആചരിക്കപ്പെടുന്നു. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷഏകാദശിയും വാനപ്രസ്ഥർ, സ്ന്ന്യാസികൾ , വിധവകൾ മുതലായവർ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.
സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം
ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.

ഏകാദശി വ്രതം ദശമിയില്‍ തുടങ്ങി അന്ന്‌ രാത്രിയും(അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവു) , ഏകാദശിയില്‍ പൂര്‍ണ്ണദിനം ( ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ) , ദ്വാദശി വൈകുന്നേരം എന്നിങ്ങനെ 4നരം ഉപവാസമിരിക്കണം. ദശമിയില്‍ ഒരു നേരം മാത്രം ഭക്ഷണം കഴിക്കാം. . ഒറ്റയ്‌ക്ക്‌ ശുദ്ധമായതറയില്‍ കിടക്കണം. ഈ ഉപവാസവേളയില്‍ നെല്ലി പരിപ്പ്‌ അരച്ച്‌ ശരീരത്തില്‍ പൂശി നദിയില്‍ സ്‌നാനം ചെയ്യണം. ശേഷം ഉപവാസം അനുഷ്‌ഠിച്ചു കൊണ്ട്‌ ഹരിയെ ധ്യാനിച്ച്‌ ഭജനയിലും പൂജകളിലും പങ്കു കൊള്ളണം.എകാദശി നാളില് രാവിലെ മൂന്ന് മണി മുതല് ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂർണ്ണമായ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളില് തുളസീ തീർത്ഥമോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം.ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ദ്വാദശിയില്‍ പ്രഭാതകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി കുളികഴിഞ്ഞ്‌ അതിഥികള്‍ക്ക്‌ ഭക്ഷണം നല്‍കണം. അന്ന്‌ അഗത്തി, നെല്ലിക്ക, ചുണ്ടക്കായ എന്നിവ ചേര്‍ത്ത്‌ ഭക്ഷണമുണ്ടാക്കി കഴിക്കണം. ഇങ്ങനെ ഏകാദശി വ്രതം അനുഷ്‌ഠിക്കുന്നവര്‍ക്കായി വൈകുണ്ഡവാതില്‍ തുറക്കെപ്പടും എന്നാണ്‌ വിശ്വാസം.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ