ശ്രീമദ് ഭാഗവതം പാരായണം ചെയ്ത്, ഭഗവത് കഥകള് പറഞ്ഞ് ഒരു ബ്രാഹ്മണന് കാലയാപനം നടത്തി; ഒരിക്കല് അദ്ദേഹം ഒരു ഗൃഹത്തില് ഭാഗവത പാരായണം നടത്തുമ്പോള് ഒരു കള്ളന് ആ വീട്ടില് കടന്ന് തട്ടിന്പുരറത്ത് ഒളിച്ചിരുന്നു; അയാള് ഇരിക്കുന്നതിനു തൊട്ടുതാഴെ ഭാഗവത പാരായണം നടക്കുകയാണ്; അങ്ങനെ കള്ളന് അതു കേള്ക്കുവാന് നിര്ബ്ബന്ധിതനായി.
ഉണ്ണിക്കണ്ണനെ വര്ണ്ണിക്കുന്ന ഭാഗം; കണ്ണന് അണിഞ്ഞിട്ടുള്ള ആഭരണങ്ങള് അദ്ദേഹം ഏറെ വര്ണ്ണിച്ചു. ”കാലികളെ മേയ്ക്കാന് കൊണ്ടുപോകുന്നതിന് മുമ്പ് യശോദ ഉണ്ണിയെ വിലയേറിയ ആഭരണങ്ങള് അണിയിക്കും.” ഇതു കേട്ടപ്പോള് കള്ളന്റെ ചിന്ത, ആ ബാലനെ തട്ടിക്കൊണ്ടു പോയി കൊന്നാല്, ആഭരണങ്ങളെല്ലാം കൈക്കലാക്കാം; എന്നും ചെറിയ മോഷണങ്ങള് നടത്താന് കഷ്ടപ്പെടുന്നത് ഒഴിവാക്കാം.
പാരായണം കഴിഞ്ഞു ബ്രാഹ്മണന് യാത്രയായി; കള്ളന് രഹസ്യമായി അദ്ദേഹത്തെ പിന്തുടര്ന്നു ; വിജനമായ ഒരു സ്ഥലത്തു വച്ചു അയാള് ബ്രാഹ്മണനെ തടഞ്ഞു നിര്ത്തി. അയാള് ചോദിച്ചു: “നിങ്ങള് യശോദ എന്ന സ്ത്രീയുടെ മകന് കൃഷ്ണന് എന്ന ബാലന്റെ കാര്യം പറഞ്ഞല്ലോ? ആ പയ്യനെ എവിടെയാണ് കാണാന് കഴിയുന്നത്?”
ബ്രാഹ്മണന് പറഞ്ഞു: “വൃന്ദാവനത്തില്, യമുനാതീരത്തെ പച്ചപ്പുല്പ്പരപ്പില് രണ്ടു കുട്ടികള് രാവിലെ വരും; ഒരാള് കാര്മേഘനിറമുള്ളവന്; കൈയില് ഓടക്കുഴല് ഉണ്ടാവും; അതാണ് കൃഷ്ണന്.” കള്ളന് ഇത് വിശ്വസിച്ചു ഉടനെതന്നെ വൃന്ദാവനത്തിലേക്ക് പുറപ്പെട്ടു; രാത്രി അവിടെയെത്തി ഒരു മരത്തില് കയറി ഒളിച്ചിരുന്നു.
കണ്ണന്റെ കാലടികള് പതിഞ്ഞ ആ പുണ്യ ഭൂമിയില് പുലര് വെ ളിച്ചം പരന്നു; ഹൃദ്യമായ മുരളിനാദം കാറ്റില് അലിഞ്ഞെത്തി; അത് അടുത്തുവന്നുകൊണ്ടിരുന്നു. അപ്പോള്, അതാ രണ്ടു ബാലന്മാര്; കള്ളന് മരത്തില് നിന്നും ഇറങ്ങി അവരുടെ സമീപം ചെന്നു. ആ ദിവ്യരൂപം, ആ പ്രേമാവതാരത്തിന്റെ, മനോഹര രൂപം ദര്ശിച്ച മാത്രയില് അയാള് മതിമറന്നു; കൈകള് കൂപ്പി, ആനന്ദാശ്രുക്കള് ഒഴുകി; ജന്മ ജന്മാന്തരങ്ങളില് എത്രയോ പേര്ക്കു ലഭിക്കാത്ത പുണ്യം! അയാള്ക്കു മന:പരിവര്ത്തനം ഉണ്ടായി; സ്വയം മറന്നു.
അയാള് ചിന്തിച്ചു; ഈ കുഞ്ഞുങ്ങളുടെ അമ്മ എത്ര ബുദ്ധിശൂന്യയാണ്? ആരെങ്കിലും ഇത്രയും ആഭരണങ്ങള് അണിയിച്ചു കുഞ്ഞുങ്ങളെ തനിയെ വീട്ടിനു പുറത്തു അയയ്ക്കുമോ? കള്ളന് വീണ്ടും വീണ്ടും ബാലനെ സൂക്ഷിച്ചു നോക്കി. ബ്രാഹ്മണന് പറഞ്ഞതുപോലുള്ള ഒരു ആഭരണം കണ്ണന്റെ കഴുത്തില് കണ്ടില്ല; അതുകൂടി കൃഷ്ണനെ അണിയിച്ചു കാണാന് അയാള് ആഗ്രഹിച്ചു. പെട്ടെന്ന്, ഉച്ചസൂര്യനെ മറയ്ക്കുന്ന കാര്മേഘങ്ങള് പോലെ ദു:ശ്ചിന്തകള് അയാളുടെ മനസ്സില് കടന്നു വന്നു.
“നില്ക്കൂ” എന്ന് ആക്രോശിച്ച് ആ കള്ളന് കണ്ണന്റെ കൈയില് കടന്നു പിടിച്ചു. ആ ദിവ്യ സ്പര്ശന മാത്രയില് അയാളുടെ പൂര്വ്വ കര്മ്മങ്ങള് അവസാനിച്ചു; അയാള് പരിശുദ്ധനായി.
പ്രേമപൂര്വ്വം അയാള് ചോദിച്ചു:” അവിടുന്ന് ആരാണ്?”
“നിങ്ങള് വന്ന ഉദ്ദേശം മറന്നുവോ? ഇതാ, എന്റെ ആഭരണങ്ങള് എല്ലാം എടുത്തു കൊള്ളൂ” കൃഷ്ണന് മധുരമായി അരുളി. കള്ളന് ആശയക്കുഴപ്പത്തിലായി. “ഇതെല്ലാം എനിക്കു തന്നാല് കുഞ്ഞിനെ അമ്മ വഴക്കുപറയില്ലേ?” അയാള് ചോദിച്ചു.
കണ്ണന് പുഞ്ചിരിയോടെ അരുളി: “അതെപറ്റി വിഷമിക്കേണ്ട; എനിക്കിത് വേണ്ടുവോളമുണ്ട്; പിന്നെ, ഞാന് നിന്നേക്കാള് വലിയ കള്ളനാണ്; പക്ഷേ, ഞാന് എന്തൊക്കെ മോഷ്ടിച്ചാലും ഉടമസ്ഥര്ക്ക് പരാതിയില്ല. അവര് എന്നെ ചിത്തചോരനെന്നു വിളിക്കും. നിനക്ക് അറിയാത്ത, വളരെ വിലപിടിപ്പുള്ള ഒരു ആഭരണം നിന്റെ കൈയിലുണ്ട്; നിന്റെ ചിത്തം; ഞാനിപ്പോള് അത് എടുക്കുന്നു; അത് എന്നില് നിന്നും നീയും എടുക്കുക.”
ആഭരണങ്ങളെല്ലാം കൊടുത്ത് കുട്ടികള് മറഞ്ഞു; കള്ളന് അത്ഭുത പരതന്ത്രനായി. അയാള് കൈനിറയെ ആഭരണങ്ങളുമായി ബ്രാഹ്മണന്റെ അടുത്തു ചെന്നു. കള്ളന് പറഞ്ഞതു കേട്ട് ബ്രാഹ്മണന് വിസ്മയിച്ചു പോയി; മാറാപ്പില് നിറയെ ആഭരണങ്ങള്; താന് പറഞ്ഞതുപോലെ തന്നെയുള്ളവ. ആനന്ദം കൊണ്ട് അദ്ദേഹം വീര്പ്പു മുട്ടി; തന്നെ കണ്ണനെ കണ്ട സ്ഥലത്തു കൊണ്ടുപോകാന് കള്ളനോട് അപേക്ഷിച്ചു.
രണ്ടുപേരും വൃന്ദാവനത്തിലെത്തി കാത്തിരുന്നു. പെട്ടെന്ന് കള്ളന് വിളിച്ചുപറഞ്ഞു: “അതാ, നോക്കൂ, അവര് വരുന്നു.” പക്ഷേ ബ്രാഹ്മണന് ആ ദര്ശനം ലഭിച്ചില്ല. അദ്ദേഹത്തിനു വലിയ മന:ക്ലേശവും, പശ്ചാത്താപവുമുണ്ടായി. അദ്ദേഹം പറഞ്ഞു: “കൃഷ്ണാ, അവിടുന്ന് ഒരു കള്ളന് ദര്ശനം നല്കി്. എന്തുകൊണ്ട് എനിക്കു തരുന്നില്ല? എനിക്കു ദര്ശനം തരുന്നില്ലെങ്കില് ഞാനിപ്പോള് ജീവിതം അവസാനിപ്പിക്കും.”
അപ്പോള് ശ്രീകൃഷ്ണ ഭഗവാന്റെ മധുരമയമായ ശബ്ദം മുഴങ്ങി: “നിങ്ങള് ഒരു കഥപോലെ, ഭാഗവതം വായിക്കുന്നു; പക്ഷേ, കള്ളനോ? അയാള് അതെല്ലാം സത്യമെന്ന് ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസത്തില് പ്രവൃത്തിച്ചു. എന്നില് വിശ്വസിച്ചു പൂര്ണ്ണമായി സ്വയം സമര്പ്പിക്കുന്നവന് ഞാന് ദര്ശനം നല്കുന്നു.”
ആ ബ്രാഹ്മണനെപ്പോലെ പലരും ഭാഗവതവും,ഭഗവത് ഗീതയും, രാമായണവും പ്രഭാഷണം നടത്തുന്നു; സപ്താഹ യജ്ഞങ്ങള് സംഘടിപ്പിക്കുന്നു. എന്നാല് അതില് പറയുന്ന സദ് വിഷയങ്ങള് പൂര്ണ്ണവിശ്വാസത്തോടെ ഉള്ക്കൊള്ളാനും ജീവിതത്തില് പകര്ത്താനും അവര്ക്കു കഴിയുന്നില്ല. കാപട്യം പൂര്ണ്ണമായി വിട്ടൊഴിയുന്നില്ല; ഒന്നു പറയുന്നു; മറ്റൊന്നു പ്രവര്ത്തിക്കുന്നു; അപ്പോള് അവര്ക്കു ഭഗവത് അനുഗ്രഹം കിട്ടാന് ഇനിയും പല ജന്മങ്ങള് വേണ്ടിവരും.
ഓം നമോ ഭഗവതേ വാസുദേവായ
ഒരു നിമിഷം എഴുതു....
ഓം നമോ നാരായണായ
ഓം ഭഗവതെ വാസുദേവായ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ