(വയനാട് ജില്ലയിലെ മീനങ്ങാടി എന്ന സ്ഥലത്തിനടുത്തുള്ള മഹാത്ഭുതം)
ആറായിരം വര്‍ഷത്തിലധികം പഴക്കം കല്‍പ്പിക്കപ്പെടുന്ന മാനികാവ് ക്ഷേത്രത്തില്‍ സ്വാഭാവികമായി രൂപപ്പെട്ട ശിവലിംഗമാണുള്ളത്. ക്ഷേത്രത്തിന്റെ കിഴക്കു വശത്തുള്ള കാടിന്റെ ഉള്‍ഭാഗത്ത് നിന്നും വരുന്ന തീര്‍ഥ ജലപ്രവാഹം സ്വയംഭൂ ലിംഗത്തെ സദാസമയവും അഭിഷേകം ചെയ്യുന്നു. ഈ ജലപ്രവാഹം വര്‍ഷങ്ങളായി നിലക്കാതെ പ്രവഹിക്കുന്നതാണെന്നാണ് വിശ്വാസം. 1986-ലെ കടുത്ത വരള്‍ച്ചയില്‍ പോലും ജലപ്രവാഹത്തിന് യാതൊരു മുടക്കവുമുണ്ടായില്ലെന്ന് പഴമക്കാര്‍ പറയുന്നു. മഴക്കാലത്തും കുത്തൊഴുക്കുകളില്ലാതെ തെളിമയാര്‍ന്ന ജലമാണ് ശിവലിംഗത്തില്‍ പതിക്കുക. അഭിഷേകശേഷം ഈ ജലം കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കുമായി സമീപവാസികള്‍ ഉപയോഗിക്കുന്നുണ്ട്. ഭാരതത്തിലെതന്നെ സുപ്രധാന സ്വയംഭൂ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെയുള്ളതെന്ന് ഹരിദ്വാറില്‍നിന്നും
ഹിമാലയത്തില്‍നിന്നുമുള്ള സന്യാസിവര്യന്മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ജലപ്രവാഹത്തെകുറിച്ച് പഠിക്കുന്നതിനും ക്ഷേത്രസംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച് പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുമായി യുനെസ്കോ സംഘം വൈകാതെ ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. മഹാമുനിമാരുടെ നിരന്തരമായ തപസുകൊണ്ട് സംപ്രീതനായ മഹാദേവന്‍ പശ്ചിമഘട്ടത്തിലെ ഈ കാനനമധ്യത്തില്‍ ഗംഗയോടൊത്ത് സ്വയംഭൂവായി അവതരിച്ചു എന്നാണ് ഐതീഹ്യം. മഹാമുനികാവായി അറിയപ്പെട്ടിരുന്ന ഈ സ്ഥലം കാലാന്തരങ്ങളില്‍ മാനികാവായി മാറുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ