2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

മഹാബലി / Mahabali


ത്രിലോകങ്ങളുടെ ചക്രവര്‍ത്തിയായിരുന്നു ശുക്രാചാര്യരുടെ ശിഷ്യനായ മഹാബലി. അദ്ദേഹം ദയാശീലനും, വിഷ്ണുഭക്തനും, സത്യധര്‍മ്മങ്ങളില്‍ ശ്രദ്ധയുള്ളവനും ആയിരുന്നു. ഗുരുഭക്തിയും വളരെ ഉണ്ടായിരുന്നു. തനിക്കു കിട്ടിയിരിക്കുന്ന സര്‍വ്വ സൗഭാഗ്യങ്ങളുടെയും ദാതാവു ഭഗവാനാണെന്ന കാര്യം കാലക്രമേണ ബലി വിസ്മരിച്ചു. കാമ്യകര്‍മ്മങ്ങള്‍ ആകുന്ന യാഗങ്ങള്‍ അനുഷ്ടിച്ചു ജീവിച്ചു പോന്നു.

ഇതൊക്കെ ചെയ്യുവാന്‍ തനിക്കു കഴിവുണ്ടെന്നും, തന്നെ ആശ്രയിക്കുന്നവരെ പൂര്‍ണ്ണമായി സംതൃപ്തരാക്കാന്‍ തക്ക ദാനങ്ങള്‍ ചെയ്യുവാന്‍ തനിക്കു സാധിക്കുമെന്നും, സത്യത്തിനും ധര്‍മ്മത്തിനും താന്‍ ഒരു ലംഘനവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം ധാരാളം അഹങ്കരിച്ചു. അഹങ്കാരത്തിന്റെ മതില്‍, ബലിയുടെ മനസ്സിനു മറതീര്‍ത്തപ്പോള്‍, ഭഗവാന്‍ മുന്‍പില്‍ കൈനീട്ടി എത്തിയതു് തിരിച്ചറിയാന്‍ അദ്ദേഹത്തിനായില്ല. താന്‍ എന്തും നല്‍കുവാന്‍ പര്യാപ്തന്‍ ആയവന്‍ ആണെന്നും അതുകൊണ്ട് എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളുവാനും, ബലി തന്റെ മുന്‍പില്‍ ഭിക്ഷ യാചിച്ചു വന്നു
നില്‍ക്കുന്ന ബാലനോട് ആവശ്യപ്പെട്ടു. തനിക്കു ധ്യാനിക്കുവാന്‍ മൂന്നടി മണ്ണുമാത്രം മതിയെന്നും തനിക്കു അതില്‍ കൂടുതലൊന്നും വേണ്ടെന്നും വാമനന്‍ പറഞ്ഞു. ബലിയുടെ അഹങ്കാരം താന്‍ വലിയവന്‍ ആണെന്നും മുന്‍പില്‍ നില്‍ക്കുന്ന ബ്രഹ്മചാരി തീരെ ചെറുതാണെന്നും, ശരീര ഘടനയില്‍ മാത്രമല്ല ബുദ്ധിയിലും അല്പനും ഒരു മൂഡനും ആയിരുന്നു എന്നും കരുതി. തന്നെപ്പോലെ ധനികനായ ഒരാളെ സമീപിച്ചിട്ടു വേണ്ടത്‌ ചോദിക്കാതെ, എന്ത് ചോദിക്കണം എന്ന വിവേകബുദ്ധി പോലും ഇല്ലാതെ, ബാലിശമായി വെറും മൂന്നടി മണ്ണുമാത്രം മതി എന്നു പറഞ്ഞതുകേട്ടുകൊണ്ട്, വീണ്ടും എന്തു വേണമെങ്കിലും ചോദിക്കാന്‍ പറഞ്ഞു. തന്റെ അടുത്തുനിന്നും ഭിക്ഷ വാങ്ങിക്കൊണ്ടു പോയിട്ട് മൊറ്റൊരിടത്തുചെന്നു ഭിക്ഷ ചോദിച്ചു പോയാല്‍ അതു തനിക്കു നാണക്കേടാണെന്നു് അധിക്ഷേപിച്ചു.

 ശുക്രാചാര്യര്‍, വിഷ്ണുഭാഗവാനാണ് വന്നിരിക്കുന്നതെന്നും കൊടുക്കാമെന്നു പറഞ്ഞാലും നിനക്ക് എല്ലാം കൊടുക്കുവാന്‍ ആവില്ല എന്നും, മുഴുവന്‍ രാജ്യത്തിന്റെ സമ്പത്ത് എടുത്തുകൊടുക്കാന്‍ ഒരു രാജാവിനും അര്‍ഹതയും അവകാശവും ഇല്ലെന്നും, ഓരോ കാലാകാലങ്ങളില്‍ രാജ്യത്തെ പ്രജകളുടെ സംരക്ഷണാര്‍ത്ഥം ഉപയോഗിക്കാനുള്ള രാജ്യ സമ്പത്താണെന്നും അതു് പ്രജകളുടെ സംരക്ഷണത്തിനുവേണ്ടി മാത്രം ഉപയോഗത്തിനുള്ളതാണെന്നും, ഉപദേശിച്ചു. അത് കൊണ്ട് സമയം വൈകിയിട്ടില്ല എന്നും വാക്കില്‍ നിന്നും പിന്മാറുന്നതാണു് ഉചിതം എന്നും ഉപദേശിച്ചു.

ഇത്രയും ആയപ്പോൾ അദ്ദേഹം തന്റെ ഭാര്യയായ വിന്ധ്യാവലിയോട് ജലവും പൂവും കൊണ്ടുവരുവാന്‍ പറഞ്ഞു. ആരുടെ പ്രീതിക്കായി യാഗഹോമാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നുവോ സാക്ഷാല്‍ ആ ഭഗവാന്‍ തന്നെയാണ് വന്നിരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ബലിക്ക് മനസ്സിലായി തന്റെ കൈയില്‍ ധാരാളമായി ഉള്ളതും ഭഗവാന്റെ കൈയില്‍ ഇല്ലാത്തതുമായ അഹങ്കാരം ആണ് ഭഗവാന്‍ ആവശ്യപ്പെടുന്നതെന്ന്. എന്തും ദാനം ചെയ്യാനായി കഴിവുള്ളവനായി സ്വയം വിലയിരുത്തിയിരുന്ന ബലിക്കു മനസ്സിലായി തന്റെതായി ഇവിടെ യാതൊന്നും ഇല്ലെന്നു. വന്നപ്പോഴും പോകുമ്പോഴും വെറും കൈയോടെ തന്നെയാണു നാം വരുന്നതും പോകുന്നതും എന്നും ബലിക്കു മനസ്സിലായി. ഇപ്പോള്‍ താന്‍ സ്വയം അനുഭവിക്കുന്നതും ഇതുവരെ ദാനം ചെയ്തിരുന്നതും തന്റെ പദവിയും ഗുരുവും എല്ലാമെല്ലാം ഭഗവാനല്ലാതെ മറ്റൊന്നും തന്നെയല്ലാ എന്നും മനസ്സിലായി. അതോടെ തന്റെ അഹങ്കാര മതിലുകള്‍ പൊളിഞ്ഞു വീണു.  അപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്ന 'സത്യം' വ്യക്തമായി. ചെറുതെന്നു് ആദ്യം തോന്നിയിരുന്ന രൂപം ഇപ്പോള്‍ ഇതാ മുന്‍പില്‍ സര്‍വ്വത്ര നിറഞ്ഞു നില്‍ക്കുന്നതായിക്കണ്ടു. അവ്യക്തമായ, അരൂപമായ, അദൃഷ്ടമായ ഭഗവാനെ ദൃഷ്ടിഗോചരമായി. വിരാട സ്വരൂപത്തില്‍ ഒരു ചെറിയ മണ്‍തരിപോലെ താനും തന്റെ ലോകവും ഇരിക്കുന്നതായി കണ്ടു, സ്വയം ഭഗവാനിൽ അർപ്പിച്ചു സിരസ്സു നമിച്ചു നിന്നു. അഹങ്കാരസമര്‍പ്പണമായി തന്റെ ശിരസ്സുതന്നെ ഭഗവാന്റെ പാദങ്ങളിൽ അർപ്പിച്ചു.


ഭഗവാനോ, തന്റെ അരുമഭക്തനിലെ അഹന്തയെ മാറ്റി സ്വർഗ്ഗത്തേക്കാളും സുന്ദരമായ സുതലത്തിലേക്കു്, അവിടത്തെ ചക്രവർത്തിയായി അദ്ദേഹത്തെ അയച്ചു. അവിടെച്ചെന്നു വാണരുളുവാൻ അനുഗ്രഹിച്ചു. സർവ്വതും കാത്തുരക്ഷിക്കാൻ തൻ സ്വയം അവിടെ കവല്ക്കാരനായി ഉണ്ടാകുമെന്നും, ആവശ്യം വന്നാൽ തന്റെ അരുമഭക്തനെ രക്ഷിക്കാനായി തന്റെ സുദർശനചക്രം തന്നെ ഉപയോഗപ്പെടുത്തുമെന്നും അരുളിച്ച്യ്തു. ഒപ്പം വർഷത്തിലൊരിക്കൽ തന്റെ പ്രജകളെക്കാണാൻ ഭൂമിയിലേക്കുവരുവാനുള്ള അനുവാദവും മഹാബലിക്കു് നല്കി. ആ ദിനമാണു നാം കോണ്ടാടുന്ന ഈ തിരുവോണം”.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ