/*Popads script*/ Proud To Be A Hindu: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രം/Thrikkannad Sri Thrayambakeswara Kshetram

2017, മേയ് 20, ശനിയാഴ്‌ച

തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രം/Thrikkannad Sri Thrayambakeswara Kshetram


കാസര്‍കോട്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് തൃക്കണ്ണാട്‌ ത്രയംബകേശ്വര ക്ഷേത്രം. നൂറ്റിയെട്ട്‌ ശിവാലയങ്ങളിലൊന്നാണ്‌. അറബിക്കടലിനഭിമുഖമായി കടലോരത്ത്‌ സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രം. ദക്ഷിണകാശിയെന്നും ഇത്‌ അറിയപ്പെടുന്നു. തൊട്ടടുത്ത്‌ പ്രസിദ്ധമായ പാലക്കുന്നില്‍ ഭഗവതി ക്ഷേത്രമുണ്ട്‌. ഒരിക്കല്‍ തൃക്കണ്ണാട്‌ ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ കടലിലൂടെ പോവുകയായിരുന്ന മൂന്നുകപ്പലുകള്‍, അവയിലുണ്ടായിരുന്ന പാണ്ഡ്യരാജാവിന്റെ പടയാളികള്‍ തെറ്റിദ്ധരിച്ചുപോയി, ഇവിടം ഏതോ ശത്രുപാളയമാണെന്ന്‌. അവര്‍ പീരങ്കികൊണ്ട്‌ വെടിയും വച്ചു. ക്ഷേത്രത്തിനും തൊട്ടടുത്തുണ്ടായിരുന്ന കൊട്ടാരത്തിനും കേടുപറ്റി. കൊട്ടാരം പാടേ നശിക്കുകയും ചെയ്തു. സംഭവങ്ങളെല്ലാം കണ്ട്‌ കൊടുങ്ങല്ലൂരമ്മ
ഒരു ദൂതനെ ക്ഷേത്രത്തിലേയ്ക്ക്‌ അയച്ചു. പൂജാരിയുടെ സഹായത്തോടെ ദൂതന്‍ കടലിലേയ്ക്ക്‌ ദീപമൊഴുക്കി. ആ ദീപത്തിന്റെ അഗ്നിമൂലം രണ്ടുകപ്പലുകളും കത്തിനശിച്ചു. ഇതറിഞ്ഞ പാണ്ഡ്യരാജാവ്‌ മാപ്പ്‌ അപേക്ഷിക്കുകയും ക്ഷേത്രത്തില്‍ ധ്വജം തീര്‍ത്തുകൊടുക്കുകയും ചെയ്തു. ക്ഷേത്രത്തിന്‌ പടിഞ്ഞാറ്‌ മാറി കടലില്‍ കാണുന്ന കല്ലുകള്‍ തകര്‍ന്നടിഞ്ഞുപോയ കപ്പലുകളുടെ അവശിഷ്ടങ്ങളാണെന്നാണ്‌ വിശ്വാസം. പാണ്ഡ്യന്‍കല്ലുകള്‍ എന്നാണ്‌ അവ അറിയപ്പെടുന്നതും. കല്ലിന്റെ ആകൃതിയും പേരും ഈ വിശ്വാസത്തെ ദൃഢപ്പെടുത്തുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന്‌ മൂവാളം കുഴി ചാമുണ്ഡി ഉറഞ്ഞാടുമ്പോള്‍ ക്ഷേത്രപ്പറമ്പില്‍നിന്നും കത്തിക്കരിഞ്ഞ അരിമണികള്‍ പൊന്തിവരാറുണ്ട്‌. പാണ്ഡ്യപ്പടയുടെ വെടിയേറ്റ്‌ കരിഞ്ഞുപോയ കൊട്ടാരത്തിലെ നിലവറയ്ക്കുള്ളിലെ അരിമണികളാണവ എന്നാണ്‌ വിശ്വാസം.
പ്രധാനറോഡിലാണ്‌ ക്ഷേത്രം .ജംഗ്ഷനില്‍ വലുതവശത്ത്‌ ക്ഷേത്രഗോപുരം. നേരെ എതിര്‍വശത്ത്‌ വിസ്തൃതമായ കടല്‍ത്തീരം. മണല്‍പ്പരപ്പില്‍ കാറ്റിലുലഞ്ഞുനില്‍ക്കുന്ന ഒരാല്‍മരം. അകലെ ഉണക്കാനിട്ടിരിക്കുന്ന വലകളും കരയ്ക്ക്‌ കയറ്റിവെച്ച വള്ളങ്ങളും അപൂര്‍വ കാഴ്ച. ഈ മനോഹരതീരത്ത്‌ ബലിതര്‍പ്പണത്തിനെത്തുന്നത്‌ ആയിരക്കണക്കിന്‌ ഭക്തര്‍. അങ്ങനെ ഇവിടം സമുദ്രസ്നാനത്തിനും പിതൃബലിക്കും പേരുകേട്ട സ്ഥാനവും ശ്രീകോവിലില്‍ മഹാദേവന്‍ ത്രയംബകന്‍ പടിഞ്ഞാറോട്ട്‌ ദര്‍ശനം. ഉപദേവന്മാരായി ഗണപതിയെ കൂടാതെ ചുറ്റമ്പലത്തിനുപുറത്തായി ചാമുണ്ഡിത്തറയ്ക്കുള്ളില്‍ കീഴേടങ്ങളായ ചന്ദ്രഗിരി ശാസ്താക്ഷേത്രവും കുതിരക്കാളിയമ്മയും കുടികൊള്ളുന്നു. മൂവാളം കുഴി ചാമുണ്ഡിത്തറ പുനഃപ്രതിഷ്ഠിച്ചു. ക്ഷേത്രത്തില്‍ മൂന്ന്‌ വാവുകള്‍ പ്രധാനം. തുലാം, കുംഭം, കര്‍ക്കടകം മാസങ്ങളിലെ വാവുകളാണവ. എല്ലാദിവസവും പിതൃതര്‍പ്പണം നടക്കുന്ന ക്ഷേത്രമാണ്‌. മരിച്ചവര്‍ക്കായി പ്രതിമ ആവാഹിച്ചുള്ള കര്‍മങ്ങളും ചെയ്തുവരുന്നു.

കുംഭമാസത്തിലാണ്‌ ഉത്സവം. കൃഷ്ണപഞ്ചമിനാളില്‍ കീഴൂര്‍ ക്ഷേത്രത്തില്‍നിന്ന്‌ എഴുന്നെള്ളിപ്പ്‌ എത്തുന്നതോടെ കൊടിയേറും. ഇവിടെ കൊടികയറണമെങ്കില്‍ ചന്ദ്രഗിരി ശാസ്താക്ഷേത്രത്തില്‍നിന്നും തിടമ്പെഴുന്നെള്ളിച്ച്‌ ഇവിടെ എത്തണം. കൊടിയേറ്റം കഴിഞ്ഞാല്‍ കമ്പും കയറും ഏറ്റുവാങ്ങുക എന്നൊരു ചടങ്ങുണ്ട്‌. പിന്നെ നാലുദിവസം അഷ്ടമിവിളക്ക്‌ ഉത്സവമാണ്‌. ഏഴാം ദിവസം ആറാട്ട്‌. അന്ന്‌ വൈകിട്ട്‌ എഴുന്നെള്ളത്ത്‌. ഇവിടെനിന്നും അഞ്ചുകിലോമീറ്റര്‍ അകലെ ആറാട്ടുകടവിലേയ്ക്കാണ്‌ ഘോഷയാത്ര പോകുന്നത്‌. വഴിനീളെ അലങ്കാരങ്ങളും വിളക്കുമുണ്ടാകും. കാസര്‍കോട്‌ കുറുംബ ഭഗവതിക്ഷേത്രം, കീഴൂര്‍ കുറുംബ ഭഗവതി ക്ഷേത്രം, ഉദുമ തെരുവത്ത്‌ ഭഗവതിക്ഷേത്രം, കൊട്ടിക്കുളം ശ്രീ ഭഗവതി ക്ഷേത്രം, പാലക്കുന്ന്‌ ഭഗവതി ക്ഷേത്രം, ബേക്കല്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രം, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം എന്നിവര്‍ പാരമ്പര്യരീതിയനുസരിച്ച്‌ ആഘോഷത്തോടെ എത്തും. ആറാട്ടുദിവസം ആറാട്ടുകടവിലേയ്ക്ക്‌ പോകുമ്പോള്‍ ശ്രീ മുച്ചിലോട്ട്‌ ഭഗവതി ക്ഷേത്രസ്ഥാനിമാരും തിരിച്ചെഴുന്നെള്ളുമ്പോള്‍ പാലക്കുന്ന്‌ ഭഗവതി ക്ഷേത്രസ്ഥാനിമാരും അകമ്പടി സേവിക്കും. കൊടിയിറങ്ങിയശേഷം പാലക്കുന്ന്‌ ക്ഷേത്രസ്ഥാനിമാര്‍ ഇവിടെനിന്നും ഓലയും കയറും കൊണ്ടുപോയി പാലക്കുന്ന്‌ ഭരണി മഹോത്സവത്തിന്‌ തുടക്കം കുറിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ